കോഴിക്കോട്: കൗമാരപ്രായക്കാരില്‍ മതിയായ ഉറക്കം ഇല്ലാത്തതിനാല്‍ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍. കുറേദിവസത്തെ ഉറക്കം ഒന്നിച്ചുറങ്ങിതീര്‍ക്കുന്ന രീതിപോലും പുതുതലമുറക്ക് പ്രാവര്‍ത്തികമാക്കാനാവുന്നില്ലെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കീഴിലുള്ള അഡോളസെന്റ് ഹെല്‍ത്ത് അക്കാദമി സംഘടിപ്പിച്ച അഡോളസ് കോണ്‍ 2011 ദേശീയ സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി പീഡിയാട്രിക്ക് അഡൈ്വസര്‍ ഡോ. സ്വാതി വൈഭവെ അഭിപ്രായപ്പെട്ടു.

കമ്പ്യൂട്ടറിന് മുന്നിലും മറ്റുമായി രാത്രഏറെ നേരം ഉറങ്ങാതിരിക്കുന്നത് ഗുരുതരമായ ശാരീരിക- മാനസിക രോഗങ്ങള്‍ക്കും പഠനത്തില്‍ ശ്രദ്ധേയില്ലായ്ക്കും കാരണമാകുന്നു.

അപകടങ്ങള്‍, മുന്‍കോപം, എന്നിവയെല്ലാം ഉറക്കക്കുറവുമൂലമുള്ള പ്രശ്‌നങ്ങളാണ്. രാത്രി 10നും ആറിനുമിടക്കുള്ള ഉറക്കമാണ് ഏറെ അനുയോജ്യം. ഇതിന്റെ പ്രാധാന്യം രക്ഷിതാക്കള്‍ മനസിലാക്കിയിട്ടില്ലെന്നും വൈഭവെ പറഞ്ഞു.

ദേശീയതലത്തില്‍ ആദിവാസികളുടെയില്‍ പാരമ്പര്യ ആരോഗ്യ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ടതാണ് മുഖ്യപ്രശ്‌നമെന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പത്മശ്രീ ഡോ.പുക് രാജ് ബഫ്‌ന അഭിപ്രായപ്പെട്ടു. കേരളം ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചമാണ്. ആദിവാസി കൗമാരക്കാരുടെ മുഖ്യപ്രശ്‌നം വീടുകള്‍ ഒറ്റപ്പെട്ടു കിടക്കുന്നതും വനം നശിപ്പിക്കുന്നതുമാണ്.

കേരളമെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ മോഹന്‍ദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.