ഒറ്റ ദിവസം ശരിയായി ഉറങ്ങാതിരുന്നാല്‍ ഭാരം കൂടുമെന്ന് പഠനറിപ്പോര്‍ട്ട്. രാത്രി ശരിയായി ഉറങ്ങാതിരുന്നാല്‍ പിന്നേറ്റ് രാവിലെ മുതല്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെല്ലെയാവും. ഇത് ഊര്‍ജം നഷ്ടപ്പെടാന്‍ കാരണമാകും. ഉറക്കക്കുറവ് വിശപ്പുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ത്വരിത്തപ്പെടുത്തുന്നു.

ഒറ്റ രാത്രി ഉറക്കമിളച്ചാല്‍ തന്നെ അത് ശരീരത്തിലെ ഊര്‍ജത്തിന്റെ വിതരണത്തെ ബാധിക്കുമെന്ന് റിസര്‍ച്ചിന് നേതൃത്വം നല്‍കിയ ഉപ്പസാല യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റ്യന്‍ ബെനഡിക്ട് പറയുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കൂടി 14 വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവരെ കുറഞ്ഞ ഉറക്കം, തീരെ ഉറങ്ങാതിരിക്കുക, സാധാരണ ഉറങ്ങുക, തുടങ്ങിയ അവസ്ഥകളിലൂടെ കൊണ്ടുപോയി. കുറേ ദിവസം ഇത് ആവര്‍ത്തിച്ചു. ഇതിനിടയില്‍ ഇവര്‍ എത്ര ആഹാരം കഴിക്കുന്നു, ഹോര്‍മോണ്‍ ലെവല്‍, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവ പരിശോധിച്ചു.

ഉറക്കത്തിലുണ്ടാവുന്ന ചെറിയ വ്യത്യാസം പോലും പിറ്റേദിവസത്തെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തി. ശ്വാസോച്ഛ്വാസം, ദഹനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് എടുക്കുന്ന ഊര്‍ജത്തിന്റെ അളവ് 5% മുതല്‍ 20% വരെ കുറഞ്ഞതായും കണ്ടെത്തി. ഇവരില്‍ രാവിലെ ബ്രഡ് ഷുഗര്‍ കൂടുന്നതായും, വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ ഗ്‌ഹെര്‍ലിന്‍, സ്ട്രസുണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ടിസോള്‍, എന്നിവ കൂടുന്നതായും കണ്ടെത്തി. ഉറക്കക്കുറവ് ശരീരഭാരം കൂടുന്നതിനും ടൈപ്പ് ടു ഡയബറ്റിക്‌സിനും കാരണമാകുമെന്ന് നേരത്തെയും ചില പഠങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത് ഭാരം കൂടാനിടയാക്കുമെന്നതിന് തെളിവ് നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.