Categories

സ്‌കൈ സിറ്റി എന്ന ആകാശ പുഷ്പം

Skycity Kerala, സ്‌കൈ സിറ്റി, sky city kerala

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്
മുഖ്യമന്ത്രിയറിയാതെ യെശോറാമിന്റെ ‘സ്‌കൈ സിറ്റി’ക്ക് അനുമതിയായിരിക്കുന്നു. പൊട്ടന്‍ പൂവെടി കണ്ട പോലെ അക്കാര്യത്തില്‍ അതിശയിക്കാന്‍ മാത്രമെ മുഖ്യമന്ത്രിക്കാവുന്നുള്ളൂ. ‘എപ്പോള്‍, എങ്ങിനെ, എന്ത്, എന്തൊക്കെയാണ്’- മാധ്യമപ്രവര്‍ത്തകരോട് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരിച്ചു ചോദിക്കുന്നു. കനത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഈ വന്‍ പദ്ധതി ഭരിക്കുന്ന ആള്‍ അറിയാതെ എങ്ങിനെ ഒപ്പിച്ചെടുത്തു? ഈ ചോദ്യം നമ്മള്‍ ആരോടാണ് ചോദിക്കേണ്ടത്?

കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയം പറ്റില്ലെന്ന് പറയുന്ന ഒരു പദ്ധതി എങ്ങിനെ വ്യവസായ വകുപ്പിന് അനുമതി നല്‍കി മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റും? ഇതിന്റെ രഹസ്യ അജണ്ട മാറാടോളം നീണ്ടു കിടക്കുന്നു. മാറാടിന്റെ കാര്യത്തില്‍ ബി.ജെ.പിയും ലീഗും ഒരേ അഭിപ്രായക്കാരായി മാറുന്നതിന്റെ ഗുട്ടന്‍സ് കൊച്ചിയിലെ സ്‌കൈ സിറ്റിയില്‍ തെളിഞ്ഞു കാണാം. കാര്യസാധ്യത്തിന് ആര് ആരെയാണ് പ്രീതിപ്പെടുത്തുന്നത്? രണ്ടു പേരും അന്യോന്യം പ്രീതിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.

യശോറാമിന് സ്‌കൈ സിറ്റി പതിച്ചു കിട്ടിയതിന്റെ പേരില്‍ ആഹ്ലാദാരവങ്ങളോടെയാണ് ചില പത്രങ്ങള്‍ വെണ്ടക്ക നിരത്തിയത്. അക്കൂട്ടത്തില്‍ നസ്രാണി പത്രങ്ങളും പെടും. പത്രങ്ങളെ നസ്രാണിയെന്നും നായരെന്നും ഈഴവരെന്നും മുസ്ലിമെന്നും മുദ്രകുത്തുന്നതിനോട് ഞങ്ങള്‍ എതിരാണ്. എന്നാല്‍ ചില കാലങ്ങളില്‍ ചിലതൊക്കെ തിരിച്ചറിയണമെങ്കില്‍ ഇത്തരം ചില ജാതിപ്പേരുകള്‍ ഉപയോഗിക്കേണ്ടി വരും.

യശോറാമിന്റെ യശസ്സ് ഉയര്‍ത്താന്‍ രൂപപ്പെട്ടിരിക്കുന്ന ഐക്യമുന്നണിയില്‍ നിന്ന് മുഖ്യമന്ത്രി എങ്ങിനെ പുറത്തായി? പുറത്തായതായിരിക്കില്ലാ, പുറത്തായതായി അഭിനയിക്കുകയായിരിക്കും. ‘ഞാനൊന്നുമറിയില്ല രാമനാരായണ’ എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ല. എന്നാല്‍ എല്ലാം കര്‍ത്താവിന്റെ തിരുവുള്ളം പോലെ നടക്കും എന്നു പറയാന്‍ കഴിയും.

കോണ്‍ഗ്രസ്സുകാര്‍ പോസ്റ്ററുകളുടെ പേരില്‍ തല തല്ലിക്കീറുമ്പോള്‍ ഭരണത്തിലുള്ള ലീഗും ഭരണത്തിലില്ലാത്ത ബി.ജെ.പിയും കാര്യം കാണുന്നു. മുഖ്യമന്ത്രി അതിവേഗം ബഹുദൂരം സഞ്ചരിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന കാഴ്ച എന്തായിരിക്കും? വെറുതെ കൂട്ടയോട്ടം നടത്തി കാലം കഴിച്ചുവെന്ന് പരാതിപ്പെടുമോ? ഉമ്മന്‍ചാണ്ടി ഒന്നുമറിയുന്നില്ല. ഇ-മെയിലിന്റെ കാര്യം അറിയുന്നില്ല, സ്‌കൈ സിറ്റിയുടെ കാര്യം അറിയുന്നില്ല, ഒന്നുമറിയുന്നില്ല.

അതിനിടയില്‍ യശോറാമന്മാര്‍ നേടിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.

ഈ പദ്ധതി പരിസ്ഥിതിയെ മാത്രമല്ല തകര്‍ക്കുന്നത്, രാജ്യത്തിന്റെ സുരക്ഷാ സന്നാഹങ്ങളെക്കൂടിയാണ്. ഈ പദ്ധതി 2007ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും വി.എസിന്റെ ഭരണം അതിനെ തള്ളിക്കളഞ്ഞു. അതിനിടയില്‍ ആരോരുമറിയാതെ വ്യവസായ വകുപ്പ് പദ്ധതിക്ക് അനുകൂല നിലപാടുമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും കത്തയച്ചത് അക്കാലത്തു വിവാദമായിരുന്നു. ഇതു ഒപ്പുവെച്ച അന്താരാഷ്ട്ര റാംഡാര്‍ കരാര്‍ പ്രകാരം സംരക്ഷിത തണ്ണീര്‍ തടമായി രജിസ്റ്റര്‍ ചെയ്ത കായലാണ് വേമ്പനാട്ടു കായല്‍.

ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ഒരു നാള്‍ മുന്‍പ് ഈ തണ്ണീര്‍ത്തടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മരണ വാറണ്ട് എഴുതിയിരിക്കുന്നു. കൊച്ചിയില്‍ തണ്ണീര്‍ത്തടം നികത്തി ക്രിക്കറ്റ് സ്‌റ്റേഡിയം പണിയാനുള്ള നീക്കത്തെ ചെറുത്ത, വളന്തക്കാട്ടെ കൂറ്റന്‍ പരിസ്ഥിതി വിനാശ പദ്ധതിയെ ചെറുത്ത കേരളത്തിലെ ജനങ്ങള്‍ ഈ സ്‌കൈ സിറ്റിയെ ആകാശത്തിലേക്ക് പറത്തി വിടും എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

പക്ഷം ചേരാത്ത ഭീരുക്കള്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.