രാജ്യാന്തര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തി രവിശാസ്ത്രി. കോഹ്‌ലി മാനംമുട്ടെ പറക്കുമെന്നും അവിശ്വസനീയ താരമാണ് കോഹ്‌ലിയെന്നും രവിശാസ്ത്രി പറഞ്ഞു.

മികച്ച ക്യാപ്റ്റനാണ് കോഹ്‌ലിയെന്നും അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി തികച്ചതോടെ റെക്കോര്‍ഡുകള്‍ കോഹ്‌ലിയെ തേടിയെത്തിയിരുന്നു. രാജ്യന്തര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ നേടുന്ന എട്ടാമത്തെ താരമായി മാറിയ കോഹ്‌ലി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഗവാസ്‌കറിന്റെ നേട്ടത്തിനൊപ്പം എത്തിയിരുന്നു. 11 സെഞ്ച്വറികളാണ് ഇരുവരും നേടിയത്.


Read more:  പത്മാവതി കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ല; സിനിമ ഇറക്കിയാല്‍ തിയ്യേറ്റര്‍ കത്തിക്കും: ഭീഷണിയുമായി കര്‍ണിസേന


കോഹ്‌ലി ഏറ്റവും വേഗതയില്‍ 50 സെഞ്ച്വറികള്‍ നേടിയ ഹാഷിം ആംലയുടെ റെക്കോര്‍ഡിനൊപ്പം (348 മത്സരങ്ങള്‍) എത്തുകയും ചെയ്തിരുന്നു. 376 ഇന്നിംഗ്‌സുകളിലായി 50 ശതകങ്ങള്‍ തികച്ച സച്ചിനാണ് ഇരുവരുടെയും പിറകില്‍.

ടെസ്റ്റിലെ 18ാം സെഞ്ച്വറിയായിരുന്നു ഈഡന്‍ഗാര്‍ഡനില്‍ കോഹ്‌ലി നേടിയത്.  ടെസ്റ്റ് സെഞ്ച്വറികളുടെ കാര്യത്തില്‍  ഇന്ത്യന്‍ നിരയില്‍ അസ്ഹറുദ്ദീന്‍ (22), സെവാഗ് (23) ഗവാസ്‌കര്‍ (34) ദ്രാവിഡ് (36), സച്ചിന്‍ (51) എന്നിവര്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.