കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് സമ്മേളനത്തില്‍ ജുമുഅ നടത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. മുസ്‌ലിം ലീഗ് നേതൃത്വം പിടിക്കാനുള്ള മുജാഹിദ്, സുന്നി വിഭാഗങ്ങളുടെ ഏറെക്കാലത്തുള്ള പോരാട്ടങ്ങളുടെ ഭാഗമാണ് ഈ വിവാദമെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്.എസ്.എസ്.എഫ് സ്ഥാപക ദിനത്തില്‍ കോഴിക്കോട് എം.എസ്.എഫ് കാമ്പസ് സമ്മേളനം വെച്ചതാണ് പ്രശ്‌നത്തിന് കാരണം. സമ്മേളനത്തില്‍ സുന്നി ആചാരത്തിന് വിരുദ്ധമായി ജുമുഅ സംഘടിപ്പിക്കുകയും ചെയ്തു. ജുമുഅ എന്നാല്‍ നാട്ടിലുള്ളവര്‍ ഒത്തുകൂടി നിര്‍വ്വഹിക്കുന്നതാണെന്നും വിവിധ നാട്ടുകാര്‍ ഒരുമിച്ച് കൂടുന്ന സമ്മേളന വേദികളില്‍ ജുമുഅ നിസ്‌കാരത്തിന് പകരം ളുഹര്‍ നിസ്‌കരിക്കണമെന്നുമാണ് സുന്നി വിഭാഗത്തിന്റെ വിശ്വാസം. എന്നാല്‍ മുജാഹിദ് വിഭാഗം ഇത് അംഗീകരിക്കുന്നില്ല.

സുന്നി വിശ്വാസക്കാര്‍ ഭൂരിപക്ഷമുള്ള എം.എസ്.എഫില്‍ മുജാഹിദ് ആചാരം നടപ്പാക്കിയതാണ് സമസ്ത ഇ.കെ വിഭാഗത്തെ പ്രകോപിപ്പിച്ചത്. എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തില്‍ എം.എസ്.എഫ് സമ്മേളനം വെച്ചത് സംഘടനയെ അപമാനിക്കുന്ന തരത്തിലായെന്നും അവര്‍ പറയുന്നു.

സമ്മേളനത്തില്‍ ജുമുഅ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ എം.എസ്.എഫ് നേതൃത്വം പക്വത കാണിച്ചില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി വ്യക്തമാക്കി . മലപ്പുറത്ത് സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നം ഹൈദരലി ശിഹാബ് തങ്ങളും അബ്ബാസലി ശിഹാബ് തങ്ങളും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എം.എസ്.എഫിന്റെ ജന.സെക്രട്ടറിയെ വിളിച്ച് എസ്.കെ.എസ്.എസ്.എഫ് കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ പക്വത കാണിച്ചില്ല. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം എക്കാലത്തും മതപരമായ കാര്യങ്ങളില്‍ സമസ്തയുടെ അഭിപ്രായങ്ങള്‍ മാനിച്ചിട്ടുണ്ട്. മുജാഹിദ് നേതാവായിരുന്ന കെ.എം. സീതി സാഹിബ് തലപ്പത്തുണ്ടായിരുന്ന കാലത്ത് പോലും ഈ മാന്യത കാണിച്ചിട്ടുണ്ട്. സംഘടനയില്‍ 90 ശതമാനവും ശാഫീ മദ്ഹബുകാര്‍ ഇരിക്കുമ്പോള്‍ ആരാണീ വളഞ്ഞ വിളവ് എടുത്തതെന്ന് വ്യക്തമാക്കണം. മതത്തിന്റെ ചിഹ്നമായ ജുമുഅ എവിടെയും ഇഷ്ടം പോലെ നടത്താവുന്നതല്ല. സൗഹൃദ ബോധത്തോടെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും പക്വതയാര്‍ന്ന പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകന്റെ തിരുകേശം ഉണ്ടെന്ന് പറയുന്നവര്‍ അതിന്റെ കൈമാറ്റ പരമ്പര തെളിയിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പരസ്യപ്രസ്താവനക്ക് ബന്ധപ്പെട്ടവര്‍ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.