skssf meetingകോഴിക്കോട്: മുസ്‌ലിം ലീഗ് നിര്‍ദേശം കാറ്റില്‍പ്പറത്തി കാന്തപുരം വിഭാഗത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ യോഗം. പ്രവാചക കേശ വിവാദത്തില്‍ കാന്തപുരത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടാണ് എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നേരിട്ടിടപെട്ട് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത്തരമൊരു സമ്മേളനം നടത്തരുതെന്ന് എസ്.കെ.എസ്.എസ്.എഫിനോടും ഇ.കെ വിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിപാടി നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. കാന്തപുരം വിഭാഗവുമായി തിരഞ്ഞെടുപ്പ് സമയത്ത് ഇ.കെ വിഭാഗം പോരിനിറങ്ങുന്നത് ലീഗിന് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടി നിര്‍ത്തിവെക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ ലീഗുമായി ഒട്ടിനിന്നവരായിരുന്നു ഇ.കെ വിഭാഗം. അതുകൊണ്ട് തന്നെ എ.പി വിഭാഗവും മുസ്‌ലിം ലീഗും തമ്മിലും സ്വരച്ചേര്‍ച്ചയില്ലായിരുന്നു. എന്നാല്‍ മലപ്പുറമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എ.പി വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണെന്ന് തിരിച്ചറിഞ്ഞാണ് ലീഗ് നിലപാട് മാറ്റിയത്. അടുത്തിടെ നടന്ന കാന്തപുരം വിഭാഗത്തിന്റെ മര്‍ക്കസ് സമ്മേളനത്തില്‍ലീഗ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തിരുന്നു.

എന്നാല്‍ ലീഗിന്റെ ഈ നിലപാട് മാറ്റത്തെ ഇ.കെ വിഭാഗം ശക്തമായി എതിര്‍ക്കുകയായിരുന്നു. എ.പി വിഭാഗം സമസ്തയില്‍ നിന്ന് പിളര്‍ന്ന് പോയവരാണെന്നും അവര്‍ തിരിച്ചുവരാതെ യാതൊരു സന്ധി സംഭാഷണവുമില്ലെന്നുമാണ് ഇ.കെ വിഭാഗം വാദിച്ചത്. ഇതെച്ചല്ലി ലീഗ്-ഇ.കെ വിഭാഗം നേതാക്കള്‍ തമ്മില്‍ അടുത്ത കാലത്തായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്.

അതിനിടെയാണ് തിരുകേശം സംബന്ധിച്ച വിവാദം ഉടലെടുത്തത്. പ്രവാചകന്റെ തിരുകേശത്തിനായി കോഴിക്കോട്ട് 40 കോടിയുടെ പള്ളി നിര്‍മ്മിക്കുന്നതാണ് വിവാദമായത്. ഇതിനെതിരെ മറ്റ് മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പ്രവാചകരുടേതെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെടാത്ത കേശമുപയോഗിച്ചു വിശ്വാസികളെ ചൂഷണംചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് ഇന്നലെ സംഘടിപ്പിച്ച വിശദീകരണസമ്മേളനം ആവശ്യപ്പെട്ടു.

പ്രവാചകനുമായി അടുത്ത ബന്ധമുണ്ടെന്ന നിലയിലുള്ള സ്വപ്നകഥകള്‍ പ്രചരിപ്പിച്ചു പുണ്യവാളനായി ചമയാനുള്ള നീക്കങ്ങളാണു കാന്തപുരം നടത്തുന്നത്. പ്രവാചകന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന കേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കുന്ന സനദ് (പ്രവാചകനില്‍നിന്നു കൈമാറിപ്പോന്ന പരമ്പര) വിശദീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതില്‍ ദുരൂഹതയുണ്ട.

മര്‍കസിനു കേശം നല്‍കിയെന്നു പറയപ്പെടുന്ന അബൂദബി സ്വദേശി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ തന്റെ കുടുംബത്തില്‍ പരമ്പരാഗതമായി ഇങ്ങനെയൊരു തിരുനബി കേശമില്ലെന്നു പറയുന്നുണ്ട്. സാമ്പത്തിക താല്‍പ്പര്യത്തിനു വേണ്ടി പ്രവാചകനെ സ്്‌നേഹിക്കുന്ന വിശ്വാസികളെ വഞ്ചിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമുദായം തള്ളിക്കളയണമെന്നു സമ്മേളനം ആഹ്വാനംചെയ്തു.

നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഓണംപിള്ളി മുഹമ്മദ് ഫൈസി, ആബിദ് ഹുദവി തച്ചണ്ണ, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അയൂബ് കൂളിമാട് സംസാരിച്ചു.