skssf-channel

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ഒരു മുസ്ലിം മത സംഘടന ടെലിവിഷന്‍ ചാനല്‍ രംഗത്തേക്ക് കടക്കുന്നു. സുന്നി ഇ കെ വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫാണ് ദര്‍ശന ടി വി എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുന്നത്. മുസ്ലിം ലീഗുമായി ഒട്ടിനില്‍ക്കുന്ന സംഘടനയാണ് എസ്.കെ.എസ്.എസ്.എഫ്.

എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് സാദിഖലി തങ്ങള്‍ ഉടമസ്ഥനായ സത്യധാര കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ചാനല്‍ തുടങ്ങുന്നത്. മസ്‌കത്ത് സുന്നിസെന്റര്‍ ചെയര്‍മാന്‍ ഇസ്മായില്‍ കുഞ്ഞുഹാജിയാണ് മാനേജിംഗ് ഡയരക്ടര്‍. പ്രവാസി-വ്യവസായ രംഗത്തുള്ളവരാണ് ഡയരക്ടര്‍ബോര്‍ഡിലുള്ളത്. സംഘടനയുടെ മുന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് സിദ്ദീഖ് വാളക്കുളമാണ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍.

പത്രമാധ്യമ രംഗത്ത് നേരത്തെ തന്നെ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ചാനല്‍ മേഖലയോട് ഇത്രയും നാള്‍ പുറം തിരിഞ്ഞ് നിന്നവരാണ് മുസ്ലിം സംഘടനകള്‍. പ്രത്യേകിച്ചും സുന്നി വിഭാഗങ്ങള്‍. നേരത്തെ പല തവണ ചാനല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ വന്നിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു. ഇപ്പോള്‍ സംഘടന ചാനല്‍ തുടങ്ങേണ്ടതിന്റെ ആവശ്യകയോടൊണ് തുടങ്ങുന്നത്.

ചാനല്‍ രംഗത്തെ അസാംസ്‌കാരിക പ്രവണതകളെയും സഭ്യേതര പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കുന്നബദല്‍ ദൃശ്യ സംസ്‌കാരം വളര്‍ത്തുകയാണ് ദര്‍ശനയുടെ ലക്ഷ്യമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കേരളഫഌഷ്‌ന്യൂസിനോടു പറഞ്ഞു. ചാനലിന് സമസ്ത മുശാവറ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചാനല്‍ തുടങ്ങുന്നതിന് സമസ്ത നേതാക്കളുടെ അനുമതി ലഭിച്ചിട്ടുണ്ട്. മതപ്രഭാഷണങ്ങളും ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ തിന്‍മകള്‍ക്കെതിരെയും മതസൗഹാര്‍ദവും മനുഷ്യ സ്‌നേഹവും ലക്ഷ്യം വെച്ചുള്ള ഡോക്യുമെന്ററികളും തിരഞ്ഞെടുത്ത സിനിമകളും ചാനലില്‍ സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ഏപ്രിലോടെ ചാനല്‍ സംപ്രേഷണം തുടങ്ങാനാണ് പദ്ധതി. ദല്‍ഹിയിലുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. ദല്‍ഹിയില്‍ സ്റ്റുഡിയോ കോംപ്ലസും കോഴിക്കോട് സ്റ്റുഡിയോക്കായി മൂന്ന് നില കെട്ടിടവിം വാടകക്കെടുത്തിട്ടുണ്ട്. ടെലിഫിലമുകളുടെയും ഡോക്യമെന്ററികളുടെയും ഷൂട്ടിംഗ് ഡിസംബറോടെ തുടങ്ങും. സീരിയലുകളും നിര്‍മ്മിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 20 ലക്ഷമാണ് പ്രാഗംഭ ചിലവായി പ്രതീക്ഷിക്കുന്നത്. പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഓഹരികള്‍ സ്വരൂപിക്കാനും ആലോചനയുണ്ട്.

ക്രിസ്ത്യന്‍ മതവിഭാഗമാണ് കേരളത്തില്‍ ആദ്യമായി ചാനല്‍ രംഗത്തേക്ക് കടന്നുവന്ന മത സംഘടന. ഇത് മതപ്രചാരണം മാത്രം ലക്ഷ്യമാക്കിയായിരുന്നു. വിനോദ ചാനല്‍ ആണ് തുടങ്ങുന്നതെങ്കിലും കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തില്‍ പങ്ക് വഹിക്കുന്ന ഇ കെ വിഭാഗത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കാനും ചാനല്‍ ഉപയോഗിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇ കെ വിഭാഗം ഇപ്പോള്‍ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലൂടെയാണ് തങ്ങളുടെ ദൈനംദിന നിലപാടുകള്‍ വ്യക്തമാക്കുന്നത്. പുതിയ ചാനലിലൂടെ ഈ പോരായ്മ പരിഹരിച്ച് മാധ്യമ രംഗത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ കരുതുന്നുണ്ട്. മുസ്ലിം ലീഗ് ചാനല്‍ തുടങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എസ്.കെ.എസ്.എസ്.എഫ് ചാനല്‍ ലീഗിനും ഉപയോഗപ്പെടുത്താനാകും. സിനിമാ നാടക മേഖലകള്‍ ഹറാമാണെന്ന് വിശ്വസിക്കുന്നവരാണ് സുന്നി വിഭാഗം. അതുകൊണ്ട് തന്നെ എസ്.കെ.എസ്.എസ്.എഫിന്റെ ഈ രംഗത്തേക്കുള്ള കടന്നുവരവ് ഏറെ ശ്രദ്ധേയമാണ്.

ഒ­ക്ടോ­ബര്‍ 24 2009 11.00 am IST