മനാമ: ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക കഥാപ്രസംഗവും കലാവിരുന്നും വേറിട്ട അനുഭവമായി.

Ads By Google

‘ജശ്‌നെ ഈദ് 1433’ എന്ന ലേബലില്‍ നടന്ന പരിപാടിയില്‍ ഒരു റിയാലില്‍ പൊലിഞ്ഞ സ്വപ്നങ്ങള്‍ എന്ന വിഷയത്തിലാണ് കെ.എം.എസ് മൗലവി ആന്‍ഡ് പാര്‍ട്ടിയുടെ ശ്രദ്ധേയമായ  കഥാപ്രസംഗം അരങ്ങേറിയത്. ശമീര്‍ പേരാമ്പ്ര, നൗഷാദ് പാപ്പിനിശ്ശേരി എന്നിവര്‍ പിന്നണി ഗായകരായിരുന്നു.

സ്വന്തം മക്കള്‍ക്ക് മദ്രസാ വിജ്ഞാനം നല്‍കാതിരുന്നതിലൂടെ ഒരു പ്രവാസിക്ക് അനുഭവിക്കേണ്ടി വന്ന വ്യക്തിപരവും കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ ദുരനുഭവങ്ങള്‍ കോര്‍ത്തിണക്കിയ കഥാകഥനവും തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ മജ്‌ലിസും ഉദ്‌ബോധനവും ഈദ് ദിനത്തില്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.

ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട് അധ്യക്ഷത വഹിച്ചു. സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈന്‍ സമസ്ത ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ കുഞ്ഞിമുഹമ്മദ് ഹാജി, വൈ.പ്രസി. സൈതലവി മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ഹാജി, അശ്‌റഫ് കാട്ടില്‍പ്പീടിക, ശറഫുദ്ദീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ഇബ്രാഹീം മുസലിയാര്‍, കരീം തിക്കോടി, ലത്വീഫ് ചേരാപുരം, മൗസല്‍മൂപ്പന്‍ തിരൂര്‍, ശിഹാബ് കോട്ടക്കല്‍, മജീദ് കുണ്ടോട്ടി, ശജീര്‍ മാഹി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.