മനാമ: ഈദുല്‍ ഫിത്വര്‍ സുദിനം പരസ്പര ബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും വിശ്വാസികള്‍ സ്‌നേഹത്തിന്റെ പ്രതീകങ്ങളായി ജീവിക്കാന്‍ പരിശ്രമിക്കണമെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.

ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത് റമദാനിലെ സല്‍കര്‍മ്മങ്ങളുടെ സ്വീകാര്യതയെ തന്നെ ബാധിക്കുന്നതാണ് എന്നതിനാല്‍ ഈദിന്റെ സുദിനത്തിലെങ്കിലും അവ ഊട്ടിയുറപ്പിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാവണം.

പെരുന്നാള്‍ ദിനം ആരാധനകളുടെ അവസാനമല്ല, മറിച്ച് ഒരു മാസക്കാലം പട്ടിണി കിടന്നുള്ള ആരാധനകള്‍ക്ക് പകരം ഭക്ഷണം കഴിച്ച് കൊണ്ട് ആരാധിക്കാനും സന്തോഷിക്കാനുമുള്ളതാണെന്നും റമദാനു ശേഷവും സൂക്ഷമതയുള്ള ജീവിതം നയിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഈ സുദിനം ഗള്‍ഫിലുള്ളവര്‍ക്ക് മാത്രമല്ല, ലോകത്തുള്ള മുഴുവനാളുകള്‍ക്കും ശാന്തിയും സമാധാനവുമുള്ളതാകട്ടെ എന്ന് ആശംസിക്കുന്നതായും വിശ്വാസികളെല്ലാം സ്‌നേഹത്തിന്റെ പ്രതീകങ്ങളായി ജീവിക്കാന്‍ പരിശ്രമിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.