മുബൈ: ജെര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സവാഗണിന്റെ ഭാഗമായ സ്‌കോഡ ആട്ടോ ഇന്ത്യ, പ്രീമിയം വിഭാഗത്തില്‍ പെടുന്ന  ലോറ ആര്‍എസ് പുറത്തിറക്കി. 1.8 ലിറ്റര്‍ പെട്രോള്‍ മോഡലിന് 15.49 ലക്ഷം രൂപയാണ് വില. ലിറ്ററിന് 13.4 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്.

മണിക്കൂറില്‍ 223 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ ലോറയുടെ പുതിയ പതിപ്പിന് കഴിയും. ഈ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ സെഡാനാണ് ലോറ ആര്‍ എസ്.  മികച്ച പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്ന കാര്‍പ്രേമികളെ ലക്ഷ്യമിട്ടാണ് സ്‌ക്കോഡ ലോറ പുറത്തിറക്കുന്നത്.

വ്യത്യസ്തമായ നാലു കളര്‍കോമ്പിനേഷനുകളില്‍ പുതിയ മോഡല്‍ ലഭ്യമാക്കും. സ്‌കോഡയുടെ പൊതു സവിശേഷതകളായ സുരക്ഷയും യാത്രാസുഖവും മുന്‍ നിര്‍ത്തിയാണ് പുതിയകാറും ഒരുക്കിയതെന്ന് കമ്പനി പറഞ്ഞു.

മറ്റ് വിപണികളില്‍ ഇതിനകം ഡീസല്‍ മോഡലുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ തല്‍ക്കാലം പെട്രോള്‍ മോഡല്‍ മാത്രമേ ലഭ്യമാവൂ. പെട്രോളിന്റെ വില അടിക്കടി വര്‍ദ്ധിച്ച് വരുന്ന സാഹര്യചത്തില്‍ ഡീസല്‍ കാറുകള്‍ക്ക് പ്രിയമേറിവരുമ്പോഴാണ് ലോറയുടെ ഈ പരീക്ഷണം.