എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് സീറ്റ് വേണ്ടെന്ന് എസ്.ജെ.ഡി; ചര്‍ച്ച എങ്ങുമെത്തിയില്ല
എഡിറ്റര്‍
Monday 10th March 2014 2:29pm

veerendra-kumar

തിരുവനന്തപുരം: യു.ഡി.എഫ് നിലവില്‍ നല്‍കാമെന്നേറ്റ പാലക്കാട് സീറ്റ് വേണ്ടെന്ന് എസ്.ജെ.ഡി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയുമായി നടത്തിയ ചര്‍ച്ച എങ്ങുമെത്തിയില്ല.

നേരത്തേ ആവശ്യപ്പെട്ടതു പോലെ വയനാട്, വടകര സീറ്റുകള്‍ തന്നെയാണ് നിലവിലും എസ്.ജെ.ഡിയുടെ ആവശ്യം. എന്നാല്‍ സിറ്റിങ് സീറ്റുകളായ വയനാട്, വടകര സീറ്റുകള്‍ എസ്.ജെ.ഡിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

വിജയ സാധ്യത കുറഞ്ഞ പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ തങ്ങളില്ലെന്ന് എസ്.ജെ.ഡി അറിയിച്ചതായാണ് വിവരം. അതേസമയം ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയ സാഹചര്യത്തില്‍ തങ്ങള്‍ക്കും സീറ്റ് നല്‍കാവുന്നതല്ലേ എന്ന് എസ്.ജെ.ഡി ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇതു സംബന്ധിച്ച് മുന്നണി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. വയനാട്, വടകര സീറ്റുകള്‍ക്കായുള്ള ആവശ്യത്തില്‍ നിന്ന് എസ്.ജെ.ഡി അല്‍പം അയവു വരുത്തിയിരുന്നു.

എന്നാല്‍ ആര്‍.എസ്.പിക്ക് കൊല്ലം സീറ്റ് നല്‍കാന്‍ ധാരണയായതോടെയാണ് എസ്.ജെ.ഡി വീണ്ടും ആവശ്യത്തിലുറച്ച് നില്‍ക്കാന്‍ ആരംഭിച്ചത്.

ഇതേ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നേരത്തേയും യോഗങ്ങള്‍ കൂടിയിരുന്നു. എന്നാല്‍ ഓരോ തവണയും ഹൈക്കമാന്റുമായി കൂടിയാലോചിക്കാമെന്നും മുതിര്‍ന്ന നേതാക്കളോട് അഭിപ്രായമാരായാമെന്നും പറഞ്ഞ് ഒഴിഞ്ഞ നേതാക്കള്‍ എസ്.ജെ.ഡി കടുത്ത നിലപാടെടുത്തതോടെ വെട്ടിലായിരിക്കുകയാണ്.

അതേസമയം ലീഗില്‍ മലപ്പുറത്ത് മത്സരിപ്പിച്ചില്ലെങ്കില്‍ വയനാട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് അറിയിച്ചിട്ടുണ്ട്. ലീഗിലെ തര്‍ക്കവും മുന്നണിക്ക് ഏറെ തലവേദനയാവുകയാണ്.

എന്നാല്‍ മലപ്പുറത്ത് ഇ.അഹമ്മദ് തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് ലീഗ് ഉറപ്പിച്ചിട്ടുണ്ട്.

Advertisement