താനെ: മുംബൈയിലെ താനെക്കടുത്ത് ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അഞ്ചു സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം നടന്നത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഗൗതം കോമ്പൗണ്ട് നവി ബസ്തിയിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്.

സുഫാലി ഷെയ്ഖ് (80), മെഹ്ബൂബ ഷെയ്ഖ് (45), സഫിയ ഇല്ല്യാസ് ഷെയ്ഖ് (30), മഷിദ് ഹഖീം ഷെയ്ഖ് (23), കലിന ഷെയ്ഖ് (22), സഹാന ജാഫര്‍ ഷെയ്ഖ് (18) എന്നിവരാണ് മരിച്ചത്.

നാലു വര്‍ഷം മുന്‍പാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെട്ടിടം അപകടകരമായ അവസ്ഥയിലാണെന്നും താമസക്കാര്‍ ഉടന്‍ ഒഴിയണമെന്നും കാണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. മുന്‍ കോര്‍പ്പറേറ്ററായ സയ്യിദ് നസീറാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിലെ നാലുനിലകളില്‍ രണ്ടെണ്ണം അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നത്.