തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ വില്‍പ്പത്രപ്രകാരം ബന്ധുക്കള്‍ക്ക് നല്‍കേണ്ട 10 ലക്ഷം രൂപ കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എ നല്‍കിയില്ലെന്ന് ശ്രീവിദ്യയുടെ സഹോദരന്‍ കെ.ശങ്കര്‍രാമന്‍. വില്‍പത്രമനുസരിച്ച് തന്റെ രണ്ട് മക്കള്‍ക്കായി ഗണേശ്കുമാര്‍ നല്‍കേണ്ട ഈ തുക ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ശ്രീവിദ്യയുടെ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2006 ആഗസ്ത് 17നാണ് ഈ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്ത വില്‍പത്ര പ്രകാരം ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ കെ.ബി ഗണേശ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

സഹോദരന്‍ ശങ്കര്‍രാമന്റെ രണ്ട് മക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കണമെന്ന് വില്‍പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യ അന്തരിച്ചു. ഇതിനുശേഷം 2007 ജനുവരി മൂന്നിന് വില്‍പ്പത്രത്തില്‍ പറയുന്ന പ്രകാരമുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ സഹോദരപുത്രന്‍ നാഗപ്രസന്ന ഗണേശ്കുമാറിന് കത്തയച്ചു.

ഇതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പില്‍ മൂന്ന് കേസ് ചെന്നൈയില്‍ നിലവിലുണ്ടെന്നും വീട്, വാഹനവായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ടെന്നും ഇതൊക്കെ പരിഹരിക്കാന്‍ സമയം വേണമെന്നും കാണിച്ച് 2007 ജനുവരി 17 ന് ഗണേശ്കുമാര്‍ മറുപടി നല്‍കി. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും ഗണേഷ്‌കുമാര്‍ പണം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇക്കാലയളവില്‍പലതവണ ടെലിഫോണിലൂടെ ഈകാര്യം ഓര്‍മപ്പെടുത്തിയതാണ്. പിന്നീട് പണം നല്‍കണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചു. എന്നാല്‍ ഗണേശ്കുമാറിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. ചെന്നൈയില്‍ സ്ഥിരതാമസക്കാരായ തങ്ങള്‍ക്ക് കേരളത്തില്‍ വലിയ പരിചയമില്ലെന്നും ഗണേശ്കുമാറിനെപ്പോലെ അധികാരസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഇത്രയും വലിയ തുക വാങ്ങിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതിനാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പരാതിയിലുണ്ട്.