തമിഴ്‌നാട്: ശിവകാശിയില്‍ പടക്കശാലയില്‍ വീണ്ടും തീപിടുത്തം. അപകടത്തില്‍ 3 പേര്‍ മരിച്ചു. പടക്കം നിര്‍മിച്ച വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.

തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. അപകട കാരണം വ്യക്തമല്ല. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads By Google

പടക്കനിര്‍മാണത്തിലിരുന്നവരാണ് മരിച്ചവര്‍. ശിവകാശിയിലെ ഒട്ടേറെ വീടുകളില്‍ അനധികൃതമായി പടക്കം സൂക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദീപാവലിയുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള പടക്കശേഖരം ഇത്തരത്തില്‍ പല വീടുകളിലും ഉണ്ട്.

കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും പാലിക്കാതെയുള്ള ഇത്തരം പടക്കശാലകള്‍ ശിവകാശിയില്‍ ഏറെയുണ്ടെന്നാണ് അറിയുന്നത്. അടുത്തിടെ ശിവകാശിയിലെ ഓംശക്തി പടക്ക നിര്‍മാണശാലയിലെ തീപ്പിടിത്തത്തില്‍ 38 പേര്‍ മരിച്ചിരുന്നു

ദീപാവലിയോടനുബന്ധിച്ച് വന്‍തോതില്‍ പടക്കം നിര്‍മിക്കവെ ഒരു മുറിയിലുണ്ടായ അഗ്‌നിബാധ നിമിഷങ്ങള്‍ക്കകം മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. തുടര്‍ന്ന് വെടിമരുന്ന് ഗോഡൗണിന് തീപിടിച്ചാണ് വന്‍സ്‌ഫോടനം നടന്നത്.

പടക്കശാലയിലുണ്ടായിരുന്ന നിരവധി തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഫാന്‍സി ഇന പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതിനാല്‍ വന്‍തോതില്‍ രാസവസ്തുക്കളും വെടിമരുന്നും ശേഖരിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായത്.