1999 മലബാര്‍ അക്വാ ഫാം ഡയറക്ടര്‍മാര്‍ക്കയച്ച വാര്‍ഷിക റിപ്പോര്‍ട്ട്. ബാങ്ക് ബാധ്യതയിലേക്ക് ‘ അവര്‍’ 15 ലക്ഷം രൂപ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന്റെയും ഭാര്യയുടെയും പേരിലുള്ള മലബാര്‍ അക്വാഫാമിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളിലൊരാള്‍ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗം ടി.ശിവദാസമേനോന്റെ മകളുടെ ഭര്‍ത്താവ് അഡ്വ. ശ്രീധരന്‍. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയതിന് പ്രത്യുപകാരമായി അക്വാഫാമിന്റെ ബാങ്ക് ബാധ്യതകള്‍ തീര്‍ക്കാന്‍ പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഇന്ന് പുറത്തുവന്നിരുന്നു.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഐസ്‌ക്രീം കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വഴി ശ്രമം നടന്നും ഇതിന്റെ ഭാഗമായാണ് എം.കെ ദാമോദരന്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ സി.പി.ഐ.എം ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായ ശിവദാസമേനോന്റെ മരുമകന് ആരോപണ വിധേയമായ അക്വാഫാമുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കയാണ്.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കുന്നതിനായി ദാമോദരന്‍ പണം വാങ്ങിയെന്നും അക്വാഫാമാന്റെ ലോണ്‍കുടിശ്ശിക തീര്‍ക്കാനാണ് ഇത് ഉപയോഗിച്ചതെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടടുത്ത ദിവസം ശിവദാസമേനോന്റെ മകള്‍ ദേവിയുടെ വീടിനു നേരേ ആക്രമണമുണ്ടായിരുന്നു. സംഭവ സമയം ശിവദാസമേനോന്‍ ഈ വീട്ടിലുണ്ടായിരുന്നു.

പ്രാദേശിക തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതയെ തകര്‍ക്കുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നതിന് വേണ്ടി ശിവദാസമേനോന്‍ ഇടപെട്ടുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയത് യുഡി.എഫ്-മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനകം പോലീസ് പിടികൂടിയത് പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകരെയായിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തിനടുത്തുള്ള ഒരു ഒറ്റമുറിക്കെട്ടിടത്തിലാണ് വിവാദമായ ‘മലബാര്‍ അക്വാഫാം’ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിയെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണമുന്നയിച്ച ബന്ധു റഊഫ് ആണ് കേസില്‍ലെ എം.കെ. ദാമോദരന്റെ പങ്കിനെക്കുറിച്ചു ആദ്യം വെളിപ്പെടുത്തിയത്. ഇതെക്കുറിച്ച് അദ്ദേഹം പോലീസിനു വിവരങ്ങള്‍ കൈമാറുകയും ചെയ്തു. മലബാര്‍ അക്വാഫാമിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ അടച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തായത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് പണം അടച്ചത്. അന്ന് 69 ലക്ഷത്തില്‍പരം രൂപയാണ് അക്വാഫാമിന്റെ പേരില്‍ ലോണായി അടക്കാനുണ്ടായിരുന്നത്.

ഇതില്‍ ആദ്യ ഗഡുവായ 15 ലക്ഷം രൂപ താനും ദാമോദരന്റെ സ്‌റ്റെനോയും ചേര്‍ന്നാണ് കൊച്ചിയിലെ എസ്.ബി.ഐ ബ്രാഞ്ചില്‍ മലബാര്‍ അക്വാഫാമിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് അടച്ചതെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് സെറ്റെനോ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്ന് പുറത്തുവന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ വൈസ്പ്രസിഡന്റുമായിരുന്നു സി. അഹമ്മദ് കുഞ്ഞി, എം.കെ ദാമോദരന്‍ മലബാര്‍ അക്വാ ഫാം തുടങ്ങിയപ്പോള്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചിരുന്നതായും സീരിയസായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും രഹസ്യക്യാമറയില്‍ തുറന്നുപറയുന്നു. ഐസ്‌ക്രീം കേസില്‍ നിയമപരമായ സഹായം നല്‍കിയതിന് പകരം കുഞ്ഞാലിക്കുട്ടി ദാമോദരനെ സഹായിച്ചുവെന്നും അഹമ്മദ് കുഞ്ഞി പറയുന്നു. ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ അവര്‍ തന്നെ കൊല്ലുമെന്നും അഹമ്മദ് കുഞ്ഞി പറയുന്നുണ്ട്. ദാമോദരന് വേണ്ടി സഹായം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് ചെര്‍ക്കളം അബ്ദുള്ള തന്നെ വീട്ടിലേക്ക് വിളിപ്പിച്ചതായും അഹമ്മദ്കുഞ്ഞി വ്യക്തമാക്കുന്നുണ്ട്.

1993ല്‍ തുടങ്ങിയ മലബാര്‍ അക്വാഫാം ഇപ്പോള്‍ ഏറെക്കുറെ പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയിലാണ്. എം.കെ ദാമോദരന്റെ ഭാര്യ സാറാമ്മ എന്ന ശാന്തിയുടെ സഹോദരന്‍ വിനോദ് മാത്യുവാണ് ഇപ്പോള്‍ ഫാം നോക്കി നടത്തുന്നത്.

പ്രവര്‍ത്തന നഷ്ടം നേരിടാന്‍ മലബാര്‍ അക്വാ ഫാം മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയതായി തെളിയിക്കുന്ന രേഖകളും ഇന്ത്യാവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഫാമിന്റെ 1998-99ലെ വാര്‍ഷിക റിപ്പോര്‍ട്ടിനോട് അനുബന്ധിച്ചുള്ള ഡയറക്‌ടേഴ്‌സ് റിപ്പോര്‍ട്ടിലാണ് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പറയുന്നത്. ഈ പണം തങ്ങള്‍ നല്‍കിയതാണെന്ന റഊഫിന്റെ മൊഴി തെളിയിക്കാനാണ് പോലീസ് അന്വേഷകസംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.

എം.കെ ദാമോദരനെ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ രേഖകള്‍ പുറത്ത്