കൊച്ചി: സി പി ഐ എം നേതാവ് ടി ശിവദാസമേനോന്റെ മകളുടെ വീട് ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പിടിയിലായവര്‍ സി പി ഐ എം പ്രവര്‍ത്തകരാണെന്ന് സൂചനയുണ്ട്. നവംബര്‍ ആറിനായിരുന്നു ശിവദാസമേനോന്റെ മകളുടെ മഞ്ചേരി കച്ചേരിപ്പടിയിലെ വസതിക്കുനേരെ ആക്രമണമുണ്ടായത്.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ അക്ബര്‍, ബിനീഷ്, അബ്ദുള്‍ റഹിം, ഗിരീഷ്, സിറാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ പ്രതികളെ കോടതി പരിസരത്തെത്തിച്ചപ്പോള്‍ ചെറിയ സംഘര്‍ഷമുണ്ടായി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറാമാന്‍മാര്‍ക്കു നേരെ അക്രമണമുണ്ടായി.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ മഞ്ചേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം ശിവദാസമേനോന്റെ മരുമകനായ അഡ്വ.ശ്രീധരമേനോന്‍ ആണെന്ന് ആരോപണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കല്ലേറ് നടത്തിയതെന്നും സൂചനയുണ്ട്.

സംഭവം നടക്കുമ്പോള്‍ ശിവദാസമോനോന്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. സംഭവത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.