ന്യൂദല്‍ഹി: ഹസാരെയുടെ അറസ്റ്റ്അടിയന്തിരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ബി.ജെ.പി. സര്‍ക്കാര്‍ ഏകാധിപതിയായി മാറുന്നു എന്നതിനുള്ള തെളിവാണ് ഹസാരെയുടെ അറസ്റ്റെന്ന് ബി.ജെ.പി വക്താവ് മുഖ്താര്‍ അബ്ബാസ് വ്യക്തമാക്കി. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഹസാരെയുടെ അറസ്റ്റെന്നും ഒരു പക്ഷേ അടിയന്തിരാവസ്ഥയെക്കാള്‍ മോശമായ രീതിയിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിനോട് പ്രതിഷേധിച്ചുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരം ആരു നയിക്കുന്നു എന്നതിനേക്കാള്‍ എന്തിനു നടത്തുന്നു എന്നതിനാണ് പ്രസക്തി. അതുകൊണ്ട് തീര്‍ച്ചയായും ഹസാരെയ്‌ക്കൊപ്പം അണിചേരാനാണ് തങ്ങളുടെ തീരുമാനം. ഹസാരെയുടെ അറസ്റ്റിലൂടെ ദല്‍ഹിയില്‍ അടിയന്തിരാവസ്ഥയ്ക്കു തുല്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് സര്‍ക്കാരിനെതിരെ ഞങ്ങള്‍ പ്രക്ഷോഭം നടത്തും-മുഖ്താര്‍ വ്യക്തമാക്കി.

അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി വക്താവ് മുഖ്തര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. വ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് ഹസാരെയുടെ അറസ്റ്റിനെ ബി.ജെ.പി വിശേഷിപ്പിച്ചത്. ഹസാരെയുടെ സമരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നതാണ് അറസ്റ്റ് നല്‍കുന്ന സൂചനയെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. ശക്തമായ ലോക്പാല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദല്‍ഹി പോലീസ് ഹസാരെയെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് അറസ്റ്റു ചെയ്തത്.