ഒരു പരിധിയിലേറെ സമയം എവിടെയെങ്കിലും നില്‍ക്കേണ്ടി വന്നാല്‍ നമുക്ക് ഇരിക്കണമെന്ന് തോന്നുക സ്വാഭാവികം, എന്നാല്‍ നില്‍ക്കുന്നതിന് പകരം ഇരിക്കുകയാണെങ്കില്‍ അല്പസമയം എഴുന്നേല്‍ക്കാം എന്ന് എല്ലാവര്‍ക്കും തോന്നിക്കോളണമെന്നില്ല,

എന്നാല്‍ ഒരു പരിധിയിലേറെ സമയം ഇരുന്നുള്ള ജോലി നിങ്ങളുടെ ആയുസിനെ തന്നെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുകവലിയും മദ്യപാനവും പോലെ തന്നെ ശരീരത്തിന് ദോഷകരമാണ് ഇരുന്നുള്ള ജോലിയെന്നും ഗവേഷകര്‍ പറയുന്നു.

Ads By Google

ജിമ്മില്‍ പോയി ശരീരം പുഷ്ടിപ്പെടുത്തിയതുകൊണ്ടോ പച്ചക്കറികള്‍ ധാരാളം കഴിച്ചതുകൊണ്ടോ ഇരിപ്പ് മൂലമുണ്ടാകുന്ന അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്നാണ് പറയുന്നത്.

പെനിറ്റണ്‍ ബയോമെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ശരീരത്തിന്റെ പ്രധാനഭാഗമായ കാലുകളുടെ മസിലുകളുടെ പ്രവര്‍ത്തനം ഈ നീണ്ട ഇരിപ്പ് വഴി അവതാളത്തിലാകുമെന്നാണ് പറയുന്നത്.

ആളുകള്‍ നടക്കുകയോ ഓടുകയോ ചെയ്യുമ്പോഴാണ് മസിലുകള്‍ കാര്യമായി പ്രവര്‍ത്തിക്കുക. ശരീരത്തിന്റെ ബ്ലഡ് ഷുഗറും കൊളസ്‌ട്രോളുമെല്ലാം നിയന്ത്രിക്കാന്‍ ഈ മസിലുകളുടെ പ്രവര്‍ത്തനം സഹായകരമാകും. ഇത് വഴി ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടാമെന്നും പറയുന്നു.

ദീര്‍ഘനേരം ഇരുന്ന് ടി.വി കാണുന്നതും ശരീരത്തിന് ദോഷം ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു, ഇതില്‍ നിന്നും രക്ഷനേടാന്‍ ഒരു മാര്‍ഗവും ഇവര്‍ പറയുന്നു, റിമോര്‍ട്ട് കയ്യില്‍ വെയ്ക്കാതെ ടി.വിയുടെ അടുത്ത് തന്നെ വെയ്ക്കുക, അതിന് ശേഷം ചാനല്‍ മാറ്റണം എന്ന് തോന്നുമ്പോള്‍ എഴുന്നേറ്റ് ടി.വിയുടെ അടുത്തുപോയി മാറ്റണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.