പമ്പ: ശബരിമലയില്‍ ഇന്ന് ചിത്തിര ആട്ട വിശേഷം. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായ ആഘോഷിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാളിനായി ഇന്നലെ വൈകിട്ട് ശബരിമല നട തുറന്നു. ഇന്ന് പതിവ് പൂജകള്‍ക്ക് പുറമെ സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ശബരിമലയില്‍ ഉണ്ടാകും. ചിത്തിര ആട്ടത്തിന് ശേഷം രാത്രി പത്തിന് നട അടയ്ക്കും.

അതിനിടെ, ശബരിമല സീസണ്‍ പരിഗണിച്ച് ശബരിമലയിലും സമീപ പ്രദേശങ്ങളിലും വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേവസ്വം മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി ഒരുക്കങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിംഗ് ക്രമീകരിക്കുന്നതിന് ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തി. കോഴിക്കാനം മുതല്‍ ഉപ്പുപാറ വരെ സ്വകാര്യ വാഹന ഗതാഗതം നിരോധിച്ചു. വെളിച്ചം നല്‍കുന്നതിന് അസ്‌കാ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും കുടിവെള്ളം നല്‍കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കുന്നതിനും ജില്ലാ ഭരണകൂടത്തിന് നിര്‍ദേശംനല്‍കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആറ് ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. സുരക്ഷിതമായുള്ള കടവുകളില്‍ മാത്രമേ ഇറങ്ങാവൂ എന്നുള്ള നിര്‍ദേശങ്ങള്‍ മറ്റ് ഭാഷകളിലും പ്രദര്‍ശിപ്പിക്കും. ഒഴുക്കുള്ള സ്ഥലങ്ങളില്‍ നെറ്റ് ഇടുക, ലൈഫ് ഗാര്‍ഡുകളെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നതിന് ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.

തീര്‍ഥാടകരുടെ സഹായത്തിന് മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ ഗൈഡന്‍സ് നല്‍കുന്നതിനും നടപടി ഏര്‍പ്പെടുത്തി. പുല്ലുമേട്ടില്‍ പോലീസിന്റെ കണ്‍ട്രോള്‍ റൂം, വയര്‍ലെസ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തും.

Malayalam News

Kerala News in English