എഡിറ്റര്‍
എഡിറ്റര്‍
ത്രിപുരയിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമായിരിക്കണം; വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി അട്ടിമറി നടത്തുമെന്ന് പ്രഖ്യാപിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി
എഡിറ്റര്‍
Sunday 16th April 2017 11:24am

ന്യൂദല്‍ഹി: ത്രിപുരയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് മെഷീന്‍ അട്ടിമറിയിലൂടെ വിജയിക്കുമെന്ന ബി.ജെ.പി നേതാവ് പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നിയമവിരുദ്ധ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ കേസെടുക്കണം. ത്രിപുരയില്‍ നീതിപൂര്‍വമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്യണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. വോട്ട് ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കുന്ന രസീത് വോട്ടര്‍ക്ക് ലഭ്യമാക്കുന്ന വിവിപാറ്റ് സംവിധാനമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ത്രിപുരയില്‍ ഉപയോഗിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ത്രിപുരയിലെ വോട്ടര്‍മാരില്‍ വീണ്ടെടുക്കാന്‍ ഇത്രയെങ്കിലും ചെയ്യണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പടിഞ്ഞാറന്‍ ത്രിപുരയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ബി.ജെ.പി ത്രിപുര പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവാണ് വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തുമെന്ന് പ്രഖ്യാപിച്ചത്.

‘ ഉത്തര്‍പ്രദേശിലെയും മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലം ത്രിപുരയിലും അലയടിക്കും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യുകയാണെങ്കില്‍ പോലും അത് താമരയ്ക്ക് അനുകൂലമായേ രേഖപ്പെടുത്തൂ.’ എന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ ബിപ്ലാബ് സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.


Dont Miss യോഗി യോഗി എന്ന് ജപിക്കാത്തവര്‍ക്ക് യു.പി വിടാം; ഹിന്ദു യുവവാഹിനിയുടെ മീററ്റിലെ പരസ്യബോര്‍ഡ് വിവാദമാകുന്നു 


ബി.ജെ.പി നേതാവിന്റെ പരാമര്‍ശം പുറത്തായതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ പ്രതിഷേധവുമായി എല്‍.ഡി.എഫ് രംഗത്തെത്തി. ബി.ജെ.പി ത്രിപുര പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നും അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റമറ്റ വോട്ടിങ് യന്ത്രങ്ങള്‍ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ആരോപണവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നത്. അടുത്തിടെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ അട്ടിമറി കണ്ടെത്തുകയും ചെയ്തിരുന്നു. ഏതുപാര്‍ട്ടിക്കു വോട്ടുരേഖപ്പെടുത്തിയാലും ബി.ജെ.പിക്കു വോട്ടുലഭിക്കുന്ന രീതിയില്‍ വോട്ടിങ് മെഷീന്‍ ക്രമീകരിച്ചെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

Advertisement