ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയപോരാട്ടമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ജെ.ഡി.യുവിന്റേയും ബി.ജെ.ഡിയുടേയും പിന്തുണ എന്‍.ഡി.എയ്ക്ക് നല്‍കിയ സാഹചര്യത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.


Dont Miss ലൈംഗികവേഴ്ച എന്ന് മിണ്ടിപ്പോകരുത് ‘; ഷാരൂഖ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്


ജെ.ഡി.യുവിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. സോണിയാ ഗാന്ധി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജെ.ഡി.യു പങ്കെടുക്കില്ലെന്ന് ദേശീയ വക്താവ് എസ്.പി ത്യാഗി ഇന്നലെ അറിയിച്ചിരുന്ു. അതേസമയം ഇന്നത്തെ യോഗത്തില്‍ എടുക്കുന്ന തീരുമാന പ്രകാരം പ്രവര്‍ത്തിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.

രാഷ്ട്രപതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിട്ടുള്ളത് ഒരു തവണ മാത്രമാണ്. അല്ലാത്തപ്പോഴെല്ലാം മത്സരങ്ങളുണ്ടായിട്ടുണ്ട്. ബി.ജെ.പിയ്ക്ക് വേണ്ടത്ര ശക്തിയില്ലാതിരുന്നപ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നെന്നും യെച്ചൂരി പറഞ്ഞു.

നിലവിലെ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയ്ക്കെതിരെ പി.എ സാംഗ്മയെയാണ് എന്‍.ഡി.എ മല്‍സരിപ്പിച്ചത്. പ്രതിഭാപട്ടീലിനെതിരെ ഭൈറോണ്‍ സിംഗ് ഷെഖാവത്തിനെയും സ്ഥാനാര്‍ത്ഥിയാക്കിയിരുന്നതായി യെച്ചൂരി ചൂണ്ടിക്കാട്ടി.

16 ഓളം പാര്‍ട്ടികളാണ് ഇന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഒത്തുകൂടുന്നത്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ, ഭരണഘടനാശില്‍പ്പി ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍, മുംബൈ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ബാലചന്ദ്ര മുങ്കേക്കര്‍ തുടങ്ങിയവരുടെ പേരുകളാണ് പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.