എഡിറ്റര്‍
എഡിറ്റര്‍
യെച്ചൂരിയെ ആരും അക്രമിച്ചിട്ടില്ലെന്ന് ദല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്; മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്; പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാര കുറ്റം
എഡിറ്റര്‍
Thursday 8th June 2017 11:18am

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഘപരിവാര് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പൊലീസ് ശ്രമം.

യെച്ചൂരിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തെ നിസ്സാരവത്കരിച്ചുകൊണ്ടാണ് ദല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ലെന്നും എ.കെ.ജി ഭവനില്‍ അതിക്രമിച്ചു കടക്കുക മാത്രമാണ് ചെയ്‌തെന്നും ദല്‍ഹി പൊലീസ് പറയുന്നു.

അക്രമികള്‍ ഹിന്ദുസേനാ അനുഭാവികള്‍ മാത്രമാണെന്നും അവര്‍ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്‌തെന്നും പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.

പ്രതികള്‍ക്കെതിരെ അതിക്രമിച്ചു കയറി എന്ന സാധാരണ വകുപ്പ് മാത്രമാണ് ചുമത്തിയത്. കയ്യേറ്റം നടത്തിയത് സംബന്ധിച്ച് കേസ് രജിസറ്റര്‍ ചെയ്തിട്ടില്ല. ഒരു സംഘടനുമായും ബന്ധിപ്പെട്ടു പ്രവര്‍ത്തിക്കുന്നവരല്ല പ്രതികളെന്നും ഇവര്‍ ഹിന്ദു സേനാ അനുഭാവികള്‍ മാത്രമാണെന്നുമാണ് ചാര്‍ജ് ഷീറ്റില്‍ പറയുന്നത്.

പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലാണ് പൊലീസ് ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ യെച്ചൂരിയെ സംഘപരിവാറുകാര്‍ കയ്യേറ്റം ചെയ്യുകയും അദ്ദേഹം നിലത്ത് വീഴുകയും ചെയ്തിരുന്നു. എന്നാല്‍ കയ്യേറ്റം ചെയ്‌തെന്ന ഗുരുതരമായ വകുപ്പ് ചുമത്താതെ ചെറിയ കുപ്പ് മാത്രം ചുമത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

Advertisement