എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: വി.എസ്സിനെ തള്ളിയും പിണറായിയെ പിന്തുണച്ചും യെച്ചൂരി
എഡിറ്റര്‍
Thursday 9th January 2014 2:50pm

sitharam

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തെ സംബന്ധിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാടിനെ തള്ളിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടിനെ പിന്താങ്ങിയും സി.പി.ഐ.എം പി.ബി  അംഗം സീതാറാം യെച്ചൂരി.

ഗാഡ്ഗില്‍ വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട് എന്നും അഭിപ്രായ വ്യത്യാസങ്ങള്‍ സംസ്ഥാന ഘടകം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും മുമ്പ് വിശദമായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മണല്‍ മാഫിയകള്‍ക്കെതിരായിരുന്നുവെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മണല്‍ മാഫിയകളെ സഹായിക്കാനുമാണെന്ന് വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വി.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും കസ്തൂരിരംഗനേക്കാള്‍ കര്‍ഷകദ്രോഹ നടപടികളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നുമാണ് പിണറായി ഇതിനോട് പ്രതികരിച്ചത്.

ഇതിന് മറുപടിയായി ഗാഡ്ഗില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഗാഡ്ഗില്‍ തന്നെയാണ് നടപ്പിലാക്കേണ്ടത് എന്ന മറുപടിയുമായി വി.എസ് വീണ്ടും രംഗത്ത് വരികയും ചെയ്തിരുന്നു.

കര്‍ഷകരുടെ അഭിപ്രായം മാനിച്ച് ഭേദഗതികള്‍  വരുത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെയാണ് നടപ്പിലാക്കേണ്ടതെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒരു കാരണവശാലും നടപ്പിലാക്കരുതെന്നുമായിരുന്നു വി.എസ് പറഞ്ഞത്.

Advertisement