ന്യൂദല്‍ഹി: നോട്ടുനിരോധനം പരാജയമാണെന്ന റിസര്‍വ് ബാങ്കിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെ കേന്ദ്രസര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ രൂക്ഷമായി പരിഹസിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം വിജയമാണെന്നു പറയാന്‍ കേന്ദ്രം കൈമാറിയ ട്വീറ്റുകള്‍ തിരിച്ചുംമറിച്ചും ട്വിറ്ററിലിടേണ്ട ഗതിയിലാണ് കേന്ദ്രമന്ത്രിമാരെന്നു പറഞ്ഞുകൊണ്ടാണ് യെച്ചൂരിയുടെ പരിഹാസം.

കേന്ദ്രമന്ത്രിമാരുടെ ട്വീറ്റും അതിലെ ഒരേ ഉള്ളടക്കവും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് യെച്ചൂരിയുടെ പരിഹാസം. മന്ത്രിസഭാ പുനസംഘടകൊണ്ടൊന്നും ഒരു കാര്യവുമുണ്ടാവില്ലെന്നും അദ്ദേഹം കളിയാക്കുന്നു.

‘ടൈറ്റാനിക്കിന്റെ ഡെക്കുകള്‍ മാറ്റിവെക്കുന്നതുപോലെയാണ് മന്ത്രിസഭാ പുനസംഘടന. ദുരന്തമായ മോദി സര്‍ക്കാര്‍ മാറുന്നില്ലല്ലോ.’ അദ്ദേഹം പരിഹസിക്കുന്നു.


Also Read: അനിതയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി; കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി


സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി തവാര്‍ ഘെലോട്ട്, എം.പി ഒ.എം ബിര്‍ള, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, മന്ത്രി റാ ഇന്ദ്രജിത് സിങ്, വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി തുടങ്ങിയവരുടെ ഒരേ വാചകങ്ങളടങ്ങിയ ട്വീറ്റാണ് യെച്ചൂരി ഉയര്‍ത്തിക്കാട്ടിയത്.

‘നോട്ടുനിരോധനത്തിന്റെ വിജയം മൂലം വ്യാജ ഇടപാടുകളും വലിയ വിവരപരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു. അഴമതിക്കാര്‍ക്ക് ഒളിക്കാന്‍ ഇടമില്ലാതായി’ എന്നായിരുന്നു ഇവരുടെ ട്വീറ്റ്.