കൊച്ചി: മാവോയിസ്റ്റുകളുടെ പിന്തുണയോടെ മമത ബാനര്‍ജി നടത്തിയ ലാല്‍ഗഢ് റാലിയെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശദീകരിക്കണമെന്ന് സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

മാവോയിസ്റ്റുകള്‍ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനിടയ്ക്കാണ് കേന്ദ്രമന്ത്രിസഭയിലെ റയില്‍വേ മന്ത്രി മാവോയിസ്റ്റുകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം സംശയമുണര്‍ത്തുന്നുവെന്നും യെച്ചൂരി പറഞ്ഞു. റാലിയെക്കുറിച്ചുയര്‍ന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നല്‍കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.