അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിചാരണ ചെയ്യണണെന്ന അമിക്കസ് ക്യൂറി രാജു നാരായണന്റെ നിരീക്ഷണത്തിനെതിരെ സുപ്രീംകോടതിയുടെ പ്രത്യേക അന്വേഷണ സംഘം രംഗത്ത്. രാജുനാരായണ സ്വാമി സൂചിപ്പിച്ച ഇന്ത്യന്‍ പീനല്‍കോഡിലെ ഒരു വകുപ്പ് പ്രകാരവും 2002 ഗുജറാത്ത് കലാപക്കേസില്‍ മോഡിയെ വിചാരണ ചെയ്യാനാവില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.

ഐ.പി.സി സെക്ഷന്‍ 152A (1) (a), 153 B (1) (c), 166, 505 (2) എന്നിവ പ്രകാരം പ്രഥമദൃഷ്ട്യാ തന്നെമോഡിക്കെതിരെ കേസെടുക്കാമെന്നായിരുന്നു അമിക്കസ് ക്യൂറി രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് മോഡിക്കെതിരെ നല്‍കിയ മൊഴികള്‍ ചൂണ്ടിക്കാട്ടിയാണ് മോഡിയെ വിചാരണ ചെയ്യണമെന്ന നിഗമനത്തില്‍ അമിക്കസ് ക്യൂറി എത്തിച്ചേര്‍ന്നത്.  എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നാണ് എസ്.ഐ.ടി അവകാശപ്പെടുന്നത്. അതിനാല്‍ മേല്‍പ്പറഞ്ഞ വകുപ്പകള്‍ പ്രകാരം മോഡിക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് എസ്.ഐ.ടി പറയുന്നത്.

മോഡിക്കെതിരായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുന്ന രേഖകളും ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അയച്ചെന്ന് അവകാശപ്പെടുന്ന രണ്ട് ഫാക്‌സ് സന്ദേശങ്ങളും കെട്ടിച്ചമച്ചതാണെന്നാണ് എസ്.ഐ.ടി പറയുന്നത്. വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രി ഗോര്‍ധാന്‍ ജഡാഫിയയ്ക്കും, അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ക്കും അയച്ച ഫാക്‌സ് സന്ദേശങ്ങളാണ് സഞ്ജീവ് ഭട്ട് ഹാജരാക്കിയിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു സന്ദേശം അയക്കപ്പെട്ടിട്ടില്ലെന്നും ഇതെല്ലാം ഭട്ട് കെട്ടിച്ചമച്ചതാണെന്നുമാണ് എസ്.ഐ.ടി പറയുന്നത്. ഇതില്‍ മേലധികാരുടെ കള്ള ഒപ്പ് ഭട്ട് ഇടുകയായിരുന്നു. ഇത് അയച്ചു എന്ന് പറയുന്നതല്ലാതെ മുഖ്യമന്ത്രിക്കോ, ആഭ്യന്തരമന്ത്രിക്കോ , പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോ ഈ സന്ദേശം ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. ഓഫീസ് റെക്കോര്‍ഡുകളിലോ ഔദ്യോഗിക സന്ദേശങ്ങള്‍ രേഖപ്പെടുത്തുന്നവയുടെ കൂട്ടത്തിലോ ഇത്തരം ഒരു സന്ദേശം ചെന്നുപെട്ടിട്ടില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കി.

കലാപശേഷം ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ അധികൃതര്‍ക്ക് സമര്‍പ്പിച്ച ഒരു ഹരജിയിലോ സത്യവാങ്മൂലത്തിലോ ഇങ്ങനെയൊരു സന്ദേശത്തിന്റെ കാര്യം ഭട്ട് പോലും പറഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ നാനാവതി കമ്മീഷനും അതിന് പിന്നാലെ ജനുവരിയില്‍ എസ്.ഐ.ടിക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ മാത്രമാണ് ഈ സന്ദേശത്തിന്റെ കോപ്പി ഭട്ട് സമര്‍പ്പിച്ചിട്ടള്ളത്.

2009ല്‍ സാക്കി ജഫ്രിയുടെ പരാതി അന്വേഷിക്കുന്നതിനിടെ എസ്.ഐ.ടി ഉദ്യോഗസ്ഥന്‍ എ.കെ മല്‍ഹോത്ര ചോദ്യം ചെയ്തപ്പോഴോ, 2010 ശുക്ല ചോദ്യം ചെയ്തപ്പോഴോ  ഈ ഫാക്‌സ് സന്ദേശത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. ഭട്ട് വാക്കാല്‍ പറഞ്ഞകാര്യങ്ങളും സമര്‍പ്പിച്ച രേഖകളും പരിശോധിച്ചാല്‍ തന്നെ ഈ ഫാക്‌സ് സന്ദേശം വ്യാജമാണെന്ന് തെളിയുമെന്നും എസ്.ഐ.ടി പറയുന്നു.

Malayalam news

Kerala news in English