എഡിറ്റര്‍
എഡിറ്റര്‍
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: മോഡിക്ക് എസ്.ഐ.ടിയുടെ ക്ലീന്‍ചിറ്റ്, സാക്കിയയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി
എഡിറ്റര്‍
Tuesday 10th April 2012 7:40pm

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി അതിന്റെ പകര്‍പ്പ് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയും ഹര്‍ജിക്കാരിയുമായ സാക്കിയ ജഫ്രിക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്കും സാക്കിയ നല്‍കിയ പരാതിയില്‍ പറയുന്ന മറ്റ് 57 പേര്‍ക്കും എതിരെ യാതൊരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചു.

കലാപത്തിനിടെ മുസ്‌ലിംകള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളില്‍നിന്നും അദ്ദേഹത്തെ മുക്തനാക്കി. കലാപം ആസൂത്രണംചെയ്യാന്‍ മോഡിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ യാതൊരു തെളിവും ഇല്ലെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. മോഡി നിഷ്‌ക്രിയത്വം പാലിച്ചു എന്നതുകൊണ്ടുമാത്രം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള 32 ആരോപണങ്ങളാണ് എസ്.ഐ.ടി അന്വേഷിച്ചത്. അതേസമയം കലാപത്തില്‍ മോഡിക്കു പങ്കുണ്ടെന്നു സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് നേരത്തേ മൊഴി നല്‍കിയിരുന്നു.

Advertisement