മലയാളത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ച ആത്മകഥകളിലൊന്നായിരുന്നു സിസ്റ്റര്‍ ജസ്മിയുടേത്. തനിക്ക് കടന്നുപോവേണ്ടി വന്ന കയ്‌പേറിയ ജീവിതാവസ്ഥയുടെ പച്ചയായ ആവിഷ്‌കാരമായിരുന്നു ആമേന്‍. ലോകത്തിലെ ഏറ്റവും പ്രബലമായ ക്രിസ്ത്യന്‍ സഭകളുടെ അകത്തളങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കിയ ആമേന്‍ ചലച്ചിത്രമാകുന്നു.

സിസ്റ്റര്‍ ജസ്മിയുടെ കുടുംബസുഹൃത്തായ ജര്‍മനിയിലുള്ള സാംസന്തോഷും തമ്പി ആന്റണിയും പ്രകാശ്ബാരെയും ചേര്‍ന്നാണ് ഇംഗ്ലീഷിലും മലയാളത്തിലും ആമേന്‍ ചലച്ചിത്രമാക്കുന്നത്. ചിത്രത്തിലേക്കുള്ള നടീനടന്‍മാരെയോ, സംവിധായകനെയോ ഒന്നും തീരുമാനിച്ചിട്ടില്ല. പ്രൊജക്ട് ആരംഭഘട്ടത്തിലായിട്ടേയുള്ളൂ.

തന്റെ കൗമാരകാലം മീരാജാസ്മിന്‍ അഭിനയിച്ചാല്‍ ബാക്കിയുള്ള ഭാഗം തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം സിസ്റ്റര്‍ ജസ്മിക്കുണ്ട്. തൃശൂര്‍ വിമലാ കോളേജില്‍ പഠിച്ചിരിക്കുമ്പോള്‍ തന്നെ തനിക്ക് സിനിമയോട് താല്‍പര്യമുണ്ടായിരുന്നെന്നും ജസ്മി വെളിപ്പെടുത്തി. പഠിക്കുന്ന സമയത്ത് ജാലകങ്ങള്‍, പവിഴപ്പുറ്റ് എന്നീ  ക്യാമ്പസ് ഫിലിമുകളില്‍ സിസ്റ്റര്‍ അഭിനയിച്ചിരുന്നു.

സിനിമ സംവിധാനം ചെയ്യാനും ജസ്മിക്ക് മോഹമുണ്ട്. എം. മുകുന്ദന്റെ ഡല്‍ഹി എന്ന ചെറുകഥ ഷോട്ട് ഫിലിം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനുള്ള അനുവാദം മുകുന്ദനില്‍ നിന്നും ജസ്മി വാങ്ങിക്കഴിഞ്ഞു.

Malayalam news

Kerala news in English