കൊച്ചി: തിരുവനന്തപുരം പൂങ്കുളത്തെ ഹോളി സ്പിരിച്ച്വല്‍ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണം സംബന്ധിച്ച് ഇതിനകം നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സിസ്റ്റര്‍ മേരി ആന്‍സിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദേശം നല്‍കിയത്. പൂങ്കുളത്ത് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ മേരി ആന്‍സിയെ ആഗസ്ത് 17ന് രാവിലെ എട്ടിനാണ് കോണ്‍വെന്റിന്റെ വെള്ളടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവരം വീട്ടുകാരെ അപ്പോള്‍ അറിയിച്ചില്ലെന്നും വൈദികനെ മാത്രമാണ് അറിയിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. രക്തബന്ധമുള്ളവരുടെ സാന്നിധ്യത്തിലല്ല പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതെന്നും ഇതുമൂലം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട പല വിവരങ്ങളും ഇല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിസ്റ്റര്‍ക്ക് ചില ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമുള്ള മുന്‍വിധിയോടെയാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഇതിന് തക്ക കാരണങ്ങളോ തെളിവുകളോ ഹാജരാക്കിയിട്ടില്ല. ഈ രീതിയില്‍ അന്വേഷണം നടന്നാല്‍ നീതി നിഷേധിക്കപ്പെടുമെന്ന ആശങ്കയാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. അതിനാല്‍ കേസന്വേഷണച്ചുമതല ഉന്നതോദ്യോഗസ്ഥനെ ഏല്പിക്കണമെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ മേല്‍നോട്ടം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.

സിസ്റ്ററുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്നും അതിനാല്‍ തന്നെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നും നേരത്ത അവരുടെ ബന്ധുക്കള്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു.

സിസ്റ്റര്‍ ആന്‍സിയുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ഇടപെടല്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഷൈലജ ടീച്ചര്‍ ആരോപിച്ചിരുന്നു. സിസ്റ്റര്‍ ആന്‍സിയുടെ മരണം പ്രഥമദൃഷ്ട്യാ സംശയം തോന്നിക്കുന്നതാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ഇ.കെ. ഗംഗാധരനും പറഞ്ഞിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 17നാണ് തിരുവന്തപുരം പൂങ്കുളത്തെ ഹോളി സ്പിരിച്വല്‍ കോണ്‍വെന്റെില്‍ താമസിക്കുന്ന സിസി്റ്റര്‍ മേരി ആന്‍സിയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. വാട്ടര്‍ ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പോലീസിന്റെ പ്രാദമിക നിഗമനം. എന്നാല്‍ പിന്നീട് സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ് നിലപാട്.