തിരുവനന്തപുരം:സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തില്‍ വന്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കോടതി. രാസപരിശോധനാ ലാബിലെ ചീഫ് കെമിക്കല്‍ എക്‌സാമിനറായ ഡോ:ചിത്രയ്ക്കും കെമിക്കല്‍ അനലിസ്റ്റ് ഗീതയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തില്‍ ക്രമക്കേടുകളുണ്ടെന്ന് കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിന്മേലാണ് തിരുവനന്തപുരം സി.ജെ.എം കോടതിഉത്തരവിട്ടത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സംരക്ഷണം തങ്ങള്‍ക്കു ലഭിക്കണമെന്ന് ഡോ:ചിത്രയും ഗീതയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഗുരുതരമായ ക്രമക്കേട് നടത്തുന്നവരെ സംരക്ഷിക്കാന്‍ നിയമമൊന്നുമില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരാണെന്ന പരിഗണന ലഭിക്കില്ലെന്നും കോടതി അറിയിച്ചു.

ഡോ:ചിത്രയും ഗീതയും ചേര്‍ന്ന് പരിശോധനാഫലത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനര്‍ വൈ.സൂര്യപ്രസാദ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരുംചേര്‍ന്ന് രജിസ്റ്ററില്‍ എട്ടിടങ്ങളില്‍ തിരുത്തല്‍ വരുത്തിയെന്നും സൂര്യപ്രസാദ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.