എഡിറ്റര്‍
എഡിറ്റര്‍
സിറാജ് ദിനപത്രം ജീവനക്കാരുടെ സൂചന പണിമുടക്ക് ; പത്രം മുടങ്ങിയേക്കും
എഡിറ്റര്‍
Monday 22nd October 2012 3:13pm


കോഴിക്കോട്: സിറാജ് ദിനപത്രം ജീവനക്കാരനും, കെ എന്‍ ഇ എഫ് സംസ്ഥാനകമ്മറ്റിയംഗവും ,ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ബിനീഷിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്
സിറാജ് ദിനപത്രത്തിലെ ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തി. മാനേജരായിരുന്ന കരീം കക്കാടിന്റെ തൊഴിലാളി വിരുദ്ധ നടപടികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അകാരണമായി ആറുമാസം മുമ്പ് ബിനീഷിനെ പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സമരത്തെ തുടര്‍ന്ന് ചെവ്വാഴ്ചയിലെ പത്രം പ്രസിദ്ധീകരിക്കുന്നത് തടസ്സപ്പെട്ടേക്കും.

പണിമുടക്ക് തകര്‍ക്കാന്‍ മാനേജ്‌മെന്റ് മതപരമായ ഭിന്നിപ്പ് തൊഴിലാളികള്‍ക്കിടയില്‍ നടത്താനുള്ള ശ്രമം നടത്തിയെങ്കിലും വിലപോയില്ല. കഴിഞ്ഞ ദിവസം പത്രത്തിലെ മുസ്ലിം ജീവനക്കാരുടെ യോഗം കോഴിക്കോട് മര്‍കസില്‍ കോംപ്ലകിസില്‍ വിളിച്ചു ചേര്‍ത്തിരുന്നു. മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ലയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. എന്നാല്‍ ഇത്തരം കുത്സിതശ്രമങ്ങള്‍ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തങ്ങള്‍ക്കിടയില്‍ വിജയിക്കില്ലെന്നും, നിലവാരമില്ലാത്ത ഇത്തരം കളികള്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജീവനക്കാര്‍ മടങ്ങിയത്.

ആറുമാസം മുമ്പ് ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി തവണ യോഗം വിളിച്ചെങ്കിലും മാനേജ്‌മെന്റ് സഹകരിച്ചില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മാനേജ്‌മെന്റിലെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ഈ ശ്രമങ്ങള്‍ തകര്‍ക്കുകയായിരുന്നെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

kuwj-knef യൂനിറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി സിറാജ് ഓഫിസിനു മുന്നില്‍ രാവിലെ കുടുംബാംഗങ്ങളുടെ ഒത്തുചേരലും വൈകുന്നേരം പ്രതിഷേധ പൊതുയോഗവും നടന്നു. പൊതുയോഗത്തില്‍ സമരസഹായ സമിതി പ്രവര്‍ത്തകരും പങ്കെടുത്തു. ആഴ്ചകള്‍ നീണ്ട റിലേ നിരാഹാരസമരം ഇന്നത്തെ പൊതുയോഗത്തോടെ അവസാനിച്ചു. മുഴുവന്‍ പത്രങ്ങളിലേയും ജേണലിസ്റ്റ്-നോണ്‍ ജേണലിസ്റ്റ് സംഘടനകളുടെ പിന്തുണയും ഈ സമരത്തിനുണ്ട്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗമാണ് സിറാജ് ദിനപത്രം നടത്തുന്നത്.

Advertisement