ന്യൂദല്‍ഹി: സിനി ജോസ് ഉള്‍പ്പെടെ മൂന്ന് മലയാളി കായിക താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായി. ലോങ് ജംപ് താരം ഹരികൃഷ്ണന്‍, റിലേ താരം ടിയാന മേരി തോമസ് എന്നിവരാണ് പിടികൂടിയ മറ്റുള്ളവര്‍.

ബാംഗ്ലൂരില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ ഇവരുടെ മൂത്ര സാംപിള്‍ പരിശോധിച്ചതിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്.

ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ 4×400 റിലേ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് സിനി ജോസ്. ഇതേ വിഭാഗത്തിലെ തന്നെ താരമാണ് ടിയാന മേരി തോമസ്. ഇവരുടെ ബി സാംപിള്‍ പരിശോധന ഉടന്‍ തന്നെ നടക്കും. അതിന് ശേഷം അത്‌ലറ്റിക് പാനല്‍ ഫെഡറേഷന്‍ താരങ്ങള്‍ക്കെതിരെയുള്ള നടപടി തീരുമാനിക്കും.

ഇന്നലെ റിലേ താരങ്ങളായ മന്‍ദീപ് കൗറും ജൗന മുര്‍മുറും ഉത്തേജക മരുന്ന് പ്രയോഗിച്ചതായി കണ്ടെത്തിയിരുന്നു.