ന്യൂദല്‍ഹി: വിവാദമായ സിംഗൂര്‍ ലാന്റ് ബില്ലിനെതിരെ ടാറ്റ സമര്‍പ്പിച്ച ഹരജി കല്‍ക്കത്ത ഹൈക്കോടതി തള്ളി. നാനോ കാര്‍ഫാക്ടറി നിര്‍മ്മാണത്തിനായി 2008 ല്‍ ഇടതുസര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് ടാറ്റ ഹരജി നല്‍കിയത്.

അനുവദിക്കപ്പെട്ട 997 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് സിംഗൂര്‍ ലാന്റ് ബില്‍. ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ ജൂണ്‍ 14 നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പാസാക്കിയത്. ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഭൂമി തിരിച്ചുനല്‍കാനായിരുന്നു തീരുമാനം. ഈ നടപടി സ്റ്റേ ചെയ്യണമെന്ന ടാറ്റയുടെ ആവശ്യമാണ് കോടതി തള്ളിയത്.

സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡവലപ്പ് മെന്റ് ആക്ടിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ടാറ്റയുടെ ഹരജിയെന്ന് ജസ്റ്റിസ് സുമിത്ര പാല്‍ വിലയിരുത്തി. ഭൂമി വിതരണം ചെയ്യാതിരിക്കാന്‍ മതിയായ കാരണമൊന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പാല്‍ വ്യക്തമാക്കി.

തങ്ങള്‍ നേരിടുന്ന വെല്ലുവിളിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ പ്രതിനിധി ബാരിസ്റ്റര്‍ എസ്.പല്‍ പറഞ്ഞു.