ന്യൂദല്‍ഹി: സിംഗൂരില്‍ ടാറ്റയ്ക്ക് നല്‍കിയ ഭൂമി ഏറ്റെടുക്കാനുള്ള നിയമം നിലനില്‍ക്കുന്നുണ്ടെന്ന് കല്‍ക്കത്ത ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനായി കല്‍ക്കത്ത നിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കുന്നതാണെന്നും കോടതി അറിയിച്ചു.

ഭൂമി ഏറ്റെടുക്കല്‍ നടപടി പുനരാരംഭിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു തടസവും നിലനില്‍ക്കുന്നില്ല. ടാറ്റയ്ക്ക് നഷ്ടപരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. 2011ലെ സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റ് ആക്ട് ഭരണഘടന പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടാറ്റ ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമി ഏറ്റെടുക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടാറ്റ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഭൂമിയേറ്റെടുക്കല്‍ നടപടി സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നിര്‍ത്തിവെക്കുകയായിരുന്നു.

നാനോ കാര്‍ഫാക്ടറി നിര്‍മ്മാണത്തിനായി 2008 ല്‍ ഇടതുസര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 997 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന സിംഗൂര്‍ ലാന്റ് ബില്‍ മമത കൊണ്ടുവരികയും ചെയ്തു.

ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ ജൂണ്‍ 14 നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പാസാക്കിയത്. ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ജൂണ്‍ 30 മുതല്‍ ഭൂമി തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ടാറ്റ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.