ന്യൂദല്‍ഹി: ഒരാളെ കുറ്റക്കാരനെന്ന് വിധിക്കാന്‍ ഒരു സാക്ഷിയുടെ മൊഴി മതിയെന്ന് സുപ്രീംകോടതി. കൊലക്കേസില്‍ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധി ശരിവെച്ച് ജഡ്ജിമാരായ ബി.എസ് ചൗഹാനും എ.കെ പട്‌നായിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൂര്‍ണമായും വിശ്വസിക്കാവുന്ന ഒരേയൊരു സാക്ഷിയുടെ മൊഴി അടിസ്ഥാനമാക്കി കോടതിക്ക് ഒരാളെ കുറ്റക്കാരനായി വിധിക്കാം. ഇതിന് നിയമപരമായ തടസ്സങ്ങളുണ്ടാകില്ല. പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിക്കാമെന്നും കോടതി പറഞ്ഞു.

ഗുജറാത്തിലെ വഡോദരയില്‍ സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് 2000 സപ്തംബര്‍ 21ന് മൊഹിയുദ്ദീന്‍ ഷെയ്ഖ് കൊലക്കേസിലെ പ്രതികളാണ് കീഴ്‌ക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ടയാളുടെ സുഹൃത്തായതിനാല്‍ സാക്ഷി ഭരത് രാജേന്ദ്ര പ്രസാദ് ത്രിവേദിയുടെ മൊഴി വിശ്വസിക്കാനാവില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി തള്ളി. ത്രിവേദിയാണ് സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി. ത്രിവേദിയുടെ മൊഴിയെയാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിച്ചത്.