Administrator
Administrator
ഏകജാലകം: അനുമതി വിശദമായ പഠനത്തിനു ശേഷം- മുഖ്യമന്ത്രി
Administrator
Sunday 4th October 2009 6:48pm

vsachutanandan-rw1തിരുവനന്തപുരം: വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഏകജാലക സവിധാനം വഴി വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കൂവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അനുമതിക്കായി അപേക്ഷ നല്‍കിയ കമ്പനികളെക്കുറച്ച് സമഗ്രമായി പഠിക്കും. പദ്ധതികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ള കമ്പനിയുടെ ചരിത്രവും അവര്‍ക്ക് കൈമാറുന്ന ഭൂമിയുടെ വിനിയോഗവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഏകജാലകസംവിധാനം വഴി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് വേഗത്തിലാക്കണമെന്ന് അടുത്തിടെ സര്‍ക്കാരിന് നല്‍കിയ മാര്‍ഗ്ഗരേഖയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചക്കെടുത്തപ്പോള്‍ സി.പി.ഐ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഏകജാലകം പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ഭൂസംരക്ഷണ നിയമം, സിആര്‍എസ് ചട്ടങ്ങള്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം, കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ ഉള്‍പ്പെടെ 11 സംസ്ഥാന, കേന്ദ്ര നിയമങ്ങള്‍ ഇളവു ചെയ്യേണ്ടി വരുമെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നാണ് സി.പി.ഐ വാദം. 14 ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരുമെന്നാണ് കരുതുന്നത്.

വിവാദമായ ശോഭാ ഹൈടെക് സിറ്റി, സലാര്‍പുരിയ പദ്ധതി, മാവൂരിലെ സംയോജിത നഗര വികസനം, മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള വ്യവസായ പാര്‍ക്ക് തുടങ്ങിയവയാണ് അനുമതി കാത്ത് കിടക്കുന്നത്. ഇതേ കുറിച്ച് ഉന്നതാധികാര സമിതിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും പഠനം നടത്താതെ പദ്ധതി അനുവദിക്കുന്നതിനെതിരെ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

Advertisement