ന്യൂദല്‍ഹി: 2011 മുതല്‍ രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍, മെഡിക്കല്‍ കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക് ഒറ്റ പ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ( എം സി ഐ)തീരുമാനിച്ചു.വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവുന്ന സാമ്പത്തിക ചിലവും മറ്റ് അസൗകര്യങ്ങളും ഇതിലൂടെ ഒഴിവാക്കാനാകുമെന്ന് എം സി ഐ സുപ്രീംകോടതിയെ അറിയിച്ചു.

രാജ്യത്തുടനീളം മെഡിക്കല്‍പ്രവേശനത്തിന് ഒറ്റ പ്രവേശനപരീക്ഷ മതിയെന്ന് എം സി ഐ നേരത്തേ തീരുമാനിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. മെഡിക്കല്‍ പ്രവേശനത്തിന് ഒറ്റപരീക്ഷ മതിയെന്നാവശ്യപ്പെട്ട ഹരജിയില്‍ അഭിപ്രായമറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനും എം സി ഐക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നിലവില്‍ വിവിധ സംസ്ഥാനങ്ങളും കോളേജുകളും വെവ്വേറെ പ്രവേശനപരീക്ഷ നടത്തുന്നുണ്ട്. അഖിലേന്ത്യാ തലത്തില്‍ ഏകപ്രവേശന പരീക്ഷ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സമയനഷ്ടവും പണനഷ്ടവും കുറയ്ക്കാന്‍ കഴിയും.