ന്യൂദല്‍ഹി: രാജ്യത്താകമാനം മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എം.ബി.ബി.എസ്, പി.ജി പകോഴ്‌സുകള്‍ക്കും ഉത്തരവ് ബാധകമാകും. ഇതുസംബന്ധിച്ച നിര്‍ദേശം കോടതി കേന്ദ്രസര്‍ക്കാറിന് കൈമാറിയിട്ടുണ്ട്.

നേരത്തേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) ആയിരുന്നു ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ദേശം നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

രാജ്യത്ത് ഏറ്റവുമധികം മെഡിക്കല്‍ കേളേജുകള്‍ ഉള്ളത് തമിഴ്‌നാട്ടിലാണ്. ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള നീക്കം കേന്ദ്രം തള്ളമെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്. ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ തഴയപ്പെടും എന്ന ആശങ്കയാണ് പ്രവേശനപരീക്ഷയെ എതിര്‍ക്കുന്നതിനുള്ള മുഖ്യകാരണമായി തമിഴ്‌നാട് ചൂണ്ടിക്കാണിച്ചത്.

ഏകീകൃത പ്രവേശന പരീക്ഷ വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനസര്‍ക്കാറുകള്‍ നടത്തുന്ന പരീക്ഷയ്ക്കു പുറമേ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷയും എഴുതേണ്ട സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍. സുപ്രീംകോടതി ഉത്തരവ് നിലവില്‍ വരുന്നതോടെ ഈയവസ്ഥയ്ക്ക് അവസാനമാകും.