ലോസ് ആഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍ അന്തരിച്ചു .48 വയസായിരുന്നു. കാലിഫോര്‍ണിയയിലെ ബിവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലായിരുന്നു അന്ത്യം. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചതായാണ് വിവരം. മരണ കാരണം വ്യക്തമായിട്ടില്ല.

1963 ഓഗസ്റ്റ് ഒന്‍പതിനു ന്യൂജേഴ്‌സിയിലെ നെവാര്‍ക്കില്‍ ജനിച്ച വിറ്റ്‌നി എലിസബത്ത് ഹൂസ്റ്റന്‍ 1977ല്‍ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണല്‍ ഗായികയാകുന്നത്. പള്ളിയിലെ ഗായക സംഘത്തോടൊപ്പമാണ് ഹൂസ്റ്റന്‍ പാടി തുടങ്ങിയത്. 1980കള്‍ മുതല്‍ സംഗീത ലോകത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു. 1985ല്‍ സ്വന്തം പേരിലുള്ള ആല്‍ബം വിറ്റ്‌നി പുറത്തിറക്കി. വിറ്റ്‌നി ഹൂസ്റ്റന്‍ എന്നു തന്നെയായിരുന്നു ആല്‍ബത്തിന്റെ പേര്. രണ്ടര കോടിയിലധികം കോപ്പികളാണ് ഈ ആല്‍ബം ലോകത്താകമാനം വിറ്റഴിഞ്ഞത്. പിന്നീടങ്ങോട്ട് വിറ്റ്‌നിയുടെ കാലമായിരുന്നു. 1987ല്‍ വിറ്റ്‌നി എന്ന പേരില്‍ രണ്ടാമത്തെ ആല്‍ബം പുറത്തിറക്കി.

Subscribe Us:

ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്‌നി. ആറ് ഗ്രാമിയും രണ്ട് എമ്മി അവാര്‍ഡുകളുമടക്കം മൊത്തം 415 അവാര്‍ഡുകള്‍. ഇത് ഗിന്നസ് റെക്കോഡാണ്.ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ആല്‍ബങ്ങളുടെ ഉടമകളിലൊരാളും കൂടിയാണ് വിറ്റ്‌നി. വിറ്റ്‌നിയുടെ 17 കോടി ആല്‍ബങ്ങള്‍ വിറ്റുപോയതായി കണക്കാക്കപ്പെടുന്നു.

നടി, മോഡല്‍, ഗാനരചയിതാവ്, സംഗീത സംവിധായിക എന്നീ മേഖലകിലും വിറ്റ്‌നി കഴിവു തെളിയിച്ചിട്ടുണ്ട്. 1992ല്‍ ദ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലെ നായികാ വേഷത്തിന് നിരവധി പുരസ്‌കാരങ്ങള്‍ വിറ്റ്‌നിയെ തേടിയെത്തി. വെയിറ്റിംഗ് ടു എക്‌സ്‌ഹേല്‍ (1995), ദ പ്രീച്ചേഴ്‌സ് വൈഫ് (1996) തുടങ്ങിയ ചിത്രങ്ങള്‍ വിറ്റ്‌നിക്കു മികച്ച നടിയെന്ന പേര് നേടിക്കൊടുത്തു. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സ്പാര്‍ക്കിളാണ് അവസാനചിത്രം.

Malayalam News

Kerala News In English