തിരുവനന്തപുരം: സൗദിയില്‍ രണ്ട് ദിവസം ജയിലില്‍ കഴിയേണ്ടി വന്ന പ്രശസ്ത ഗായകന്‍ കെ.ജി.മാര്‍ക്കോസ് കേരളത്തില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ഇന്ന് രാവിലെ 6.30ന് ജെറ്റ് എയര്‍വേയ്‌സിലാണ് മാര്‍ക്കോസ് കേരളത്തിലെത്തിയത്.

ഫിബ്രവരി 10ന് ദമാമിന് സമീപം ഖാതീഫില്‍ സംഗീത സന്ധ്യ നടത്താന്‍ എത്തിയപ്പോള്‍ ആയിരുന്നു മാര്‍ക്കോസ് അറസ്റ്റിലായത്. ദമാമിലെ ഒരു മലയാളീ കൂട്ടായ്മ ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷത്തോടനുബന്ധിച്ച് ആണ് മാര്‍ക്കോസിന്റെ സംഗീത സന്ധ്യ ഒരുക്കിയത്. ഇതിനിടെ എട്ടോളം വരുന്ന സൗദി മതകാര്യ പൊലീസ് സംഘം ഓഡിറ്റോറിയത്തില്‍ എത്തി മാര്‍ക്കോസിനെ അറസ്റ്റ് ചെയ്‌യുകയായിരുന്നു. ദമാം ഖാതീഫില്‍ ശിഹാത് ജയിലില്‍ ആയിരുന്നു മാര്‍ക്കോസിനെ കൊണ്ടു പോയത്.

Subscribe Us:

മതിയായ അനുമതി ഇല്ലാതെയും പ്രവേശന ഫീസ് വെച്ചും ചില മലയാളികള്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്തതിനാണ് മാര്‍ക്കോസിനെ അറസ്റ്റു ചെയ്തത്. ആവശ്യമായ അനുമതി സംഘാടകര്‍ മുന്‍കൂട്ടി എടുത്തിരുന്നില്ല എന്നതിന് പുറമെ ടിക്കറ്റ് വെച്ച് പരിപാടി സംഘടിപ്പിച്ചു എന്ന കുറ്റവുമുണ്ടായിരുന്നു. രണ്ട് ദിവസം മാര്‍ക്കോസ് ജയിലിലും രണ്ട് ദിവസം ജയിലിന് പുറത്ത് ദമാമില്‍ ജാമ്യത്തിലും കഴിഞ്ഞു.

ജയിലില്‍ സൗദി പോലീസ് വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് കേരളത്തിലെത്തിയശേഷം മാര്‍ക്കോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റിദ്ധാരണയാണ് അറസ്റ്റിനിടയാക്കിയത്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും ഇടപെടലാണ് തന്നെ നിയമനടപടികളില്‍ നിന്നും രക്ഷിച്ചതെന്നും മാര്‍ക്കോസ് പറഞ്ഞു.

Malayalam News

Kerala News In English