എഡിറ്റര്‍
എഡിറ്റര്‍
തന്നെയും ഗൗരിയമ്മയെയും സി.പി.ഐ.എം കറിവേപ്പിലയാക്കി: സിന്ധു ജോയ്
എഡിറ്റര്‍
Tuesday 13th March 2012 11:42am

sindhu-joyമുളന്തുരുത്തി: തന്നെ കറിവേപ്പിലയാക്കിയത് സി.പി.ഐ.എം ആണെന്ന് സിന്ധു ജോയി. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയ സിന്ധു ജോയി മുളന്തുരുത്തിയില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

‘സി.പി.ഐ.എമ്മിനുവേണ്ടി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചയാളാണ് ഞാനും ഗൗരിയമ്മയുമൊക്കെ. ഞങ്ങളെ കറിവേപ്പില പോലെ വലിച്ചെറിയുകയാണ് പാര്‍ട്ടി ചെയ്തത്.’  സിന്ധു ജോയ് പറഞ്ഞു.

വി.എസ് തനിക്കെതിരെ നടത്തിയ പ്രസ്താവന അറിയാതെ പറ്റിയ അബദ്ധമായി കാണാനാവില്ല. അദ്ദേഹം കരുതുക്കൂട്ടി ബോധപൂര്‍വ്വം സ്ത്രീകളെ അപമാനിക്കാന്‍ നടത്തിയ പ്രസ്താവനയാണത്. തനിക്കെതിരെ നടത്തിയ പ്രസ്താവന തന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നില്ല. മുഴുവന്‍ സ്ത്രീ സമൂഹത്തെയാണ് വി.എസ് ഈ പ്രസ്താവനയിലൂടെ അപമാനിച്ചിരിക്കുന്നത്. വി.എസിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സിന്ധു പറഞ്ഞു.

അപമാനിച്ചതിന് ശേഷം തിരുത്തുന്നതില്‍ കാര്യമില്ല. സ്ത്രീ സംരക്ഷകനെന്ന് അവകാശപ്പെടുന്ന വി.എസ് ചെയ്യുന്നതെന്താണെന്നും സിന്ധു ജോയി ചോദിച്ചു. പെണ്‍വാണിഭക്കാരെ കയ്യാമം വയ്ക്കുമെന്ന് പറഞ്ഞാണ് 2006ല്‍ വി.എസ് അധികാരത്തില്‍ വന്നത്. അതിനുശേഷം എത്രപേരെ വി.എസ് കയ്യാമം വച്ച് നടത്തിയെന്നും സിന്ധു ചോദിച്ചു.

അദ്ദേഹത്തിന്റെ മകനെതിരേയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് നിയമസഭാസമിതി കണ്ടെത്തികഴിഞ്ഞു. ഭൂമി തട്ടിപ്പുകേസിലും അദ്ദേഹത്തിനെതിരെ തെളിവുകള്‍ പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു വി.എസിന്റെ പ്രസ്താവനയെന്നും സിന്ധു പറഞ്ഞു.

പഠനത്തിനും ഗവേഷണത്തിനും പോകേണ്ടി വന്നതിനാലാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നത്. ഇന്നും താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തകയാവൂ എന്നില്ല. ഇന്ത്യയിലെ സാധാരണക്കാര്‍ക്കൊപ്പം കോണ്‍ഗ്രസിനുവേണ്ടി താനും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിന്ധു പറഞ്ഞു.

Malayalam news

Kerala news in English

Advertisement