sindhu joy in churchതിരുവനന്തപുരം: പാര്‍ട്ടി പരിപാടികള്‍ക്ക് പോകുമ്പോള്‍ രഹസ്യമായി ബൈബിളും കൊന്തയും ഞാന്‍ കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് സി.പി.ഐ.എം വിട്ട സിന്ധു ജോയ്. എന്നെ അറിയുന്ന പിതാക്കന്‍മാര്‍ക്കും സിസ്റ്റര്‍മാര്‍ക്കുമെല്ലാം ഇക്കാര്യമറിയാം. പാര്‍ട്ടി പ്രത്യയശാസ്ത്രമനുസരിച്ച് ജീവിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ വിശ്വാസം സൂക്ഷിച്ചു. എന്നാല്‍ അതൊന്നും പുറത്തുപറയാന്‍ എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല. മരിച്ചാല്‍ എന്റെ മൃതദേഹം സെമിത്തേരിയില്‍ അടക്കണമെന്നുണ്ട്. മൃതദേഹം ഏതെങ്കിലും പാര്‍ട്ടി ഓഫിസിന്റെ അരികില്‍ അടക്കിയാല്‍ പോരാ- സിന്ധു വ്യക്തമാക്കി.

പാര്‍ട്ടി പരിപാടികളില്‍ രഹസ്യമായി കരുതിയിരുന്ന ബൈബിളും കൊന്തയും പരസ്യമായി കൈയിലേന്തിയാണ് ഞായറാഴ്ച രാവിലെ സിന്ധു പള്ളിയിലെത്തിയത്. ഇടവക അംഗത്വവും സ്വീകരിച്ചു.

രാവിലെ ഒമ്പതിന് തിരുവനന്തപുരം പി.എം.ജി ലൂര്‍ദ് ഫൊറോന ചര്‍ച്ചിലെത്തിയ സിന്ധുജോയി ഫാ. ജോണ്‍ വി. തടത്തിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനകൊണ്ടു. പിന്നെ സണ്‍ഡേ ക്ലാസിനെത്തിയ കുട്ടികളോട് സംസാരിച്ചു. പ്രാര്‍ഥനക്കെത്തിയ സിന്ധുവിനെ പള്ളി ഭാരവാഹികളും വിശ്വാസികളും സ്വീകരിച്ചു. കുട്ടികളും സ്ത്രീകളും അവരെ കാണാന്‍ തടിച്ചുകൂടി. പ്രാര്‍ഥനക്കുശേഷം എല്ലാവരോടും സൗഹൃദം പങ്കുെവച്ചാണ് സിന്ധു മടങ്ങിയത്.