എഡിറ്റര്‍
എഡിറ്റര്‍
സിന്ധു ജോയിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു; വിവാഹം മെയ് 27 ന്; ശേഷം ഇംഗ്ലണ്ടില്‍
എഡിറ്റര്‍
Tuesday 9th May 2017 8:59am

കൊച്ചി: എസ.്എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന ഡോ. സിന്ധു ജോയിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ബിസിനസുകാരനും മാധ്യമപ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. മേയ് 27ന് എറണാകുളം സെന്റ്‌മേരീസ് കത്തിഡ്രലില്‍ വെച്ചായിരിക്കും വിവാഹവും നടക്കുക.

എസ്.എഫ്.ഐയുടെ സംസ്ഥാന അധ്യക്ഷപദവിയില്‍ എത്തിയ ആദ്യ പെണ്‍കുട്ടിയായ സിന്ധുജോയി സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് നടന്ന ഗ്രനേഡാക്രമണത്തില്‍ പരുക്കേല്‍ക്കുന്നതിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് 2006ലെ തെരഞ്ഞെടുപ്പില്‍ പുതുപ്പളളിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കെ.വി തോമസിനെതിരെയും മത്സരിച്ച് പരാജയപ്പെട്ടു.

സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരിക്കുമ്പോള്‍ പാര്‍ട്ടിയുമായി അകലുകയും കുറെ നാളുകള്‍ക്കുശേഷം ഉമ്മന്‍ചാണ്ടിയില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങുകയും യു.ഡി.എഫ് ഭരണകാലത്ത് യൂത്ത് കമ്മീഷനായി നിയമിക്കപ്പെടുകയും ചെയ്തു. വൈകാതെ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയ സിന്ധുജോയി പിന്നീട് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു.


Also Read: ഇറോം ശര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍; വിവാഹശേഷം തമിഴ്‌നാട്ടില്‍ കഴിയാന്‍ ആഗ്രഹമെന്നും ഇറോം


സാമൂഹിക സേവന സംരഭങ്ങളുമായി സഹകരിച്ചും ആത്മീയരംഗത്തുമാണ് സിന്ധു ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിവാഹശേഷം ശാന്തിമോനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് സിന്ധു പറഞ്ഞു.

Advertisement