Administrator
Administrator
അന്ന് പാര്‍ട്ടിയുടെ ചാവേര്‍; ഇന്ന് ശത്രു പാളയത്തില്‍
Administrator
Thursday 24th March 2011 8:19pm

2005-6 കാലഘട്ടം, സംസ്ഥാനത്ത് സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കെതിരെ ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയുടെ കീഴില്‍ ശക്തമായ പോരാട്ടം നടക്കുന്ന കാലം. അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വാശ്രയ നയങ്ങളെ എസ്.എഫ്.ഐ തെരുവില്‍ ചോദ്യം ചെയ്തപ്പോള്‍ തലസ്ഥാന നഗര വീഥി യുദ്ധക്കളമായി മാറി. പോരാട്ട ഭൂമിയില്‍ എസ്.എഫ്.ഐ പതാകയുമേന്തി ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. സിന്ധു ജോയ്. സിന്ധുവിന്റെ ചൂടേറിയ മുദ്രാവാക്യങ്ങളും പോരാട്ട വീര്യവും ആയിരങ്ങളെ ആവേശ ഭരിതരാക്കി.

പ്രക്ഷോഭകാരികളെ നേരിടാന്‍ പോലീസ് ഗ്രനേഡും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പോലീസെറിഞ്ഞ ഗ്രനേഡ് പൊട്ടി സമര നായിക സിന്ധുവിന്റെ കാലിന്റെ ഉപ്പൂറ്റി തകര്‍ന്നു. ചോരയൊലിക്കുന്ന കാലുമായി സിന്ധുവിനെ സമരഭൂമിയില്‍ നിന്ന് എടുത്ത് കൊണ്ട് പോവുന്ന ചിത്രം ഏറെക്കാലം കേരളീയരെ വേട്ടയാടി. സിന്ധുവെന്ന എസ്.എഫ്.ഐ പ്രവര്‍ത്തക യു.ഡി.എഫിന്റെ സ്വാശ്രയ നയങ്ങള്‍ക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ കുന്തമുനയായി. തകര്‍ന്ന കാലിന്റെ പരിക്ക് ഭേദമാകും മുമ്പ് അവര്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരത്തിനിറങ്ങി. തോറ്റു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്ന് മത്സരിച്ചു. അവിടെയും തോറ്റു. തോല്‍ക്കുമെന്നുറപ്പുള്ള സീറ്റില്‍ തന്നെ നിര്‍ത്തി പാര്‍ട്ടി അവഗണിക്കുകയായിരുന്നുവെന്നാണ് അതേപ്പറ്റി സിന്ധു ഇപ്പോള്‍ പറയുന്നത്.

പിണറായി വാക്കുതെറ്റിച്ചു

സിന്ധുവെന്ന എസ്.എഫ്.ഐ നേതാവ് പാര്‍ട്ടി നേതാക്കളുമായി ഇതിനകം തന്നെ വലിയ ബന്ധമുണ്ടാക്കിയിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് സിന്ധു ജോയിയെ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ പ്രേരിപ്പച്ചതെന്നാണ് സൂചന. രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകള്‍ ഒഴിവ് വന്നപ്പോള്‍ സി.പി.ഐ.എമ്മിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഒന്ന് സിന്ധുവിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം. സി.പി.ഐ.എം സെക്രട്ടറി എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയാണ് സിന്ധുവിന് ഈ വാഗ്ദാനം നല്‍കിയത്. വാക്ക് പറഞ്ഞാല്‍ പാലിക്കുന്നയാളാണ് പിണറായി അതുകൊണ്ട് സിന്ധു രാജ്യസഭാംഗത്വം മനസ്സില്‍ താലോലിക്കുകയും ചെയ്തു.

എന്നാല്‍ 2010 ഏപ്രിലില്‍ രാജ്യസഭയിലേക്ക് പോകേണ്ടവരെ പാര്‍ട്ടി സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തപ്പോള്‍ അതില്‍ സിന്ധുവില്ലായിരുന്നു. ടി.എന്‍.സീമയ്ക്കും കെ.എന്‍.ബാലഗോപാലിനുമായിരുന്നു സീറ്റ്. ഇതോടെ പാര്‍ട്ടിയുമായി അവര്‍ അകലാന്‍ തുടങ്ങി. അടുത്തത് നിയമസഭാ ടിക്കറ്റാണ്. ജില്ലാക്കമ്മിറ്റികളൊന്നു പോലും സിന്ധുവിന്റെ പേര് നിര്‍ദേശിച്ചില്ല. അക്കാര്യം സംസ്ഥാന നേതൃത്വവും പരിഗണിച്ചില്ല. ഇതോടെ സിന്ധു പാര്‍ട്ടിയുമായി അകലാന്‍ തുടങ്ങുകയായിരുന്നു.

രാജിക്കത്ത് നല്‍കി; പാര്‍ട്ടി പുറത്താക്കി

രാവിലെ സിന്ധു ജോയി സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രനു രാജിക്കത്ത് നല്‍കുകയായിരുന്നു. തൊട്ട് പിന്നാലെ സിന്ധു ജോയിയെ പുറത്താക്കുകയാണെന്നു സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പു വന്നു.

എസ്.എഫ്.ഐയുടെ ആദ്യത്തെ വനിതാ സംസ്ഥാന പ്രസിഡന്റായിരുന്നു സിന്ധു ജോയി. 2008 ലാണ് സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്കു സിന്ധു ജോയി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ അടുത്ത കാലമായി പാര്‍ട്ടി വേദികളില്‍ സജീവമല്ലായിരുന്നു സിന്ധുജോയി മിക്കവാറും കമ്മിറ്റികളില്‍ പങ്കെടുക്കാറില്ലായിരുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്കു സിന്ധു ജോയിയുടെ പേര് ചര്‍ച്ച ചെയ്തിരുന്നെങ്കിലും പിന്നീടു പരിഗണിച്ചില്ല. കേരള സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇപ്പോള്‍ സിന്ധുജോയി.

‘സ്ത്രീകളുടെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല’

കേരളത്തിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേത്രത്വം നല്‍കുന്ന ഇടതുപക്ഷസര്‍ക്കാരിന് കഴിയില്ലെന്നാണ് പാമ്പാടിയില്‍ കോണ്‍ഗ്രസ് സ്വീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്ധുജോയി പറഞ്ഞത്. കോണ്‍ഗ്രസ് മെംബര്‍ഷിപ്പും യോഗത്തില്‍വെച്ച് സിന്ധുവിന് നല്‍കി.

‘പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. സി.പി.ഐ.എമ്മിന്റെ പല നിലപാടുകളിലും വിയോജിപ്പുണ്ട്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ വിശ്വാസിയായി ജീവിക്കാന്‍ അനുവദിച്ചില്ല. ഡി വൈ എഫ് ഐയിലും എസ് എഫ് ഐ യിലും പ്രവര്‍ത്തിച്ച വനിതാ പ്രവര്‍ത്തകരെ സ്്ഥാനാര്‍ത്തി പട്ടികയില്‍നിന്നും വെട്ടിനിരത്തി. വനിതകളോടുള്ള സി പി എമ്മിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഇരയാണ് താന്‍. ഏറെ വേദനയോടെയാണ് സി.പി.ഐ.എം വിടുന്നത്. കോണ്‍ഗ്രസ്സില്‍ ഒരു സാധാരണപ്രവര്‍ത്തകയായിരിക്കാനാണ് ആഗ്രഹം’- സിന്ധു ജോയ് പറഞ്ഞു. കണ്‍വെന്‍ഷനില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു.

Advertisement