മുംബൈ: സ്വാതന്ത്ര്യം കിട്ടിയതിന്റെ 64 ാം വാര്‍ഷികം ആഘോഷിക്കാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പിനിടയില്‍ ദേശീയഗാനം വിവാദത്തിലേക്ക്. ദേശീയഗാനത്തിലെ’സിന്ധ്’ എന്ന പദം തെറ്റായ രീതിയലാണ് ഉപയോഗിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ ‘സിന്ധു’ എന്നാണ് വേണ്ടതെന്നും കാണിച്ച് റിട്ടയേഡ് പ്രൊഫസറായ ശ്രീകാന്ത് മലുഷ്‌തെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

1950 ജനുവരിയില്‍ ‘സിന്ധ്’ എന്ന പദം സിന്ധു എന്നാക്കി മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നും തെറ്റായ പദം ഉപയോഗിക്കുന്നത് ഭാരതത്തെയും അതിന്റെ സംസ്‌കാരത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് മലുഷ്‌തെയുടെ വാദം. ഇത് രണ്ട് രാജ്യങ്ങള്‍ സംബന്ധിച്ച വാക്കുകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘സിന്ധ്’ എന്ന വാക്ക് പാക്കിസ്ഥാന്‍ എന്ന രാജ്യവുമായി ബന്ധപ്പെട്ടുകിടക്കുമ്പോള്‍ ‘സിന്ധു’ എന്ന പദമാണ് ഇന്ത്യയുമായി ബന്ധം പുലര്‍ത്തുന്നത്. ഭാരത്തതിലെ നദികളിലൊന്നായ സിന്ധു എന്ന പദമാണ് ദേശീയഗാനത്തില്‍ പരാമര്‍ശിക്കപ്പെടേണ്ടത്.

ദേശീയഗാനത്തിന് രണ്ടു പതിപ്പുണ്ടെന്നിരിക്കെ ഒരിടത്ത് ശരിയായ രീതിയിലും മറ്റൊരിടത്ത് തെറ്റിച്ചും ആലപിക്കുന്നത് ശരിയല്ലെന്ന് മലുഷ്‌തെ അഭിപ്രായപ്പെടുന്നു.