ന്യൂദല്‍ഹി: ബാബരി വിധി പ്രസ്താവിച്ച ജഡ്ജിമാരെ കൊലപ്പെടുത്താന്‍ സിമിക്ക് പദ്ധതിയുണ്ടായിരുന്നതായി ആഭ്യന്തര മന്ത്രി പി. ചിദംബരം. ഇന്റലിജന്‍സ് ബ്യൂറോ സംഘടിപ്പിച്ച സംസ്ഥാന ഡിജിപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണില്‍ സിമിയുടെ 10 അംഗ സംഘമാണ് അയോധ്യവിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാരെയും കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബാബരി വിധി പ്രസ്താവിച്ച ജഡ്ജിമാരെ കൊലപ്പെടുത്താനുള്ള സിമിയുടെ പദ്ധതി ഉള്‍പ്പെടെ മുംബൈ ആക്രമണത്തിന് ശേഷം രാജ്യത്ത് നടത്താനിരുന്ന അമ്പതോളം ഭീകരാക്രമണശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.

ാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇപ്പോള്‍ തീവ്രവാദമാണ്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ പാകിസ്താനും അഫ്ഗാനിസ്താനുമാണ്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിക്ക തീവ്രവാദ ഗ്രൂപ്പുകളും ലക്ഷ്യം വെക്കുന്നത് ഇന്ത്യയെയാണ്. അടുത്ത കാലത്തുണ്ടായ സ്‌ഫോടനങ്ങള്‍ സര്‍ക്കാരിനേറ്റ കളങ്കമാണെന്നും അദ്ദേഹം വിലയിരുത്തി.

ഇടതു തീവ്രവാദം രാജ്യത്ത് ശക്തമായിരിക്കുകയാണ്. ഇത് തടയാന്‍ കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.