Edito-Real/ കെ എം ഷ­ഹീദ്

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റും(സിമി) രാഷ്ട്രീയ സ്വയംസേവക് സംഘും (ആര്‍.എസ്.എസ്) തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കയാണ്. രാഹുലിന്റെ പ്രസ്താവനക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. വര്‍ഗീയതയുടെ വിഷയത്തില്‍ ആര്‍.എസ്.എസും സിമിയും തുല്യമാണെന്ന് പറഞ്ഞതിലൂടെ രാഹുല്‍ പ്രായപൂര്‍ത്തിയെത്താത്തയാളാണെന്ന് തെളിഞ്ഞിരിക്കയാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഇത് ഇറ്റലിയോ കൊളംബിയയോ അല്ലെന്ന് ഇത്തരം കാര്യങ്ങള്‍ പറയുന്നവര്‍ ഓര്‍ക്കണമെന്ന് ആര്‍.എസ്.എസും പ്രതികരിച്ചു.

Subscribe Us:

ആര്‍.എസ്.എസും സിമിയും ഒരേ പോലെയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറയുമ്പോള്‍ അതിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. പ്രത്യേകിച്ചും മത വര്‍ഗീയതയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഈ സമയത്ത്. രാജ്യത്ത് വര്‍ഗീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏകപക്ഷീയമാകുന്നുവെന്ന പരാതി ഏറെക്കാലമായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എല്ലാതരം വര്‍ഗീയതകളെയും എതിര്‍ത്ത് തോല്‍പിക്കേണ്ടത് ഇന്ത്യയുടെ മതേതര പക്ഷത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണെന്നതില്‍ സംശയമില്ല. എങ്കില്‍ പിന്നെ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതും ചര്‍ച്ചയാകേണ്ടതുമാണ്.

സിമി തീവ്രവാദ പ്രസ്താനമാണെന്ന് കണ്ടെത്തി കഴിഞ്ഞ ബി.ജെ.പി സര്‍ക്കാണ് സംഘടനയെ നിരോധിച്ചത്. പിന്നീട് തുടര്‍ച്ചയായി വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരോധനം നീട്ടിക്കൊണ്ടു പോയി. ഇപ്പോള്‍ ആര്‍.എസ്.എസും തീവ്രവാദ പ്രസ്ഥാനമാണെന്നും സിമിയെപ്പോലെയാണെന്നും രാഹുല്‍ഗാന്ധി പറയുമ്പോള്‍ ആ സംഘടനയെയും നിരോധിക്കേണ്ടേയെന്ന ചോദ്യമുയരുന്നുണ്ട്. കയ്യടി കിട്ടാനുള്ള പ്രസ്താവനക്കുപരിയായി ആത്മാര്‍ഥമായാണ് രാഹുലിന്റെ നിലപാടെങ്കില്‍ ആ തരത്തില്‍ നീക്കങ്ങളുണ്ടാവുകയാണ് വേണ്ടത്.

ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയുണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പലരും പ്രതികളുമാണ്. ഭൂരിപക്ഷ വര്‍ഗീയത ചൂണ്ടിക്കാട്ടിയാണ് ന്യൂനപക്ഷ വര്‍ഗീയത വളരുന്നത്. അതിനായി ന്യൂനപക്ഷം അപകടത്തിലാണെന്നും ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. മതേതര ശക്തി കൊണ്ടാണ് അതിനെ ഇന്ത്യ പ്രതിരോധിക്കുന്നത്. സംഘര്‍ഷങ്ങളും കുഴപ്പങ്ങളുമുണ്ടാക്കി മുതലെടുപ്പ് നടത്തുകയെന്ന ചിലരുടെ അജണ്ട ന്യൂനപക്ഷ വര്‍ഗീയതയുടെ കാര്യത്തിലും നടക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഈ ഉയര്‍ന്ന ചിന്തയുടെ ഭാഗമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്

മഹാത്മാഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയത് മുതല്‍ ബാബരി മസ്ജിദ് തകര്‍ക്കല്‍, തുടര്‍ച്ചയായുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയവയിലെല്ലാം സംഘപരിവാറിന്റെയും പ്രത്യേകിച്ച് ആര്‍.എസ്.എസിന്റെയും പങ്ക് വ്യക്തമാണ്. ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വങ്ങളെല്ലാം മുസ്‌ലിം വര്‍ഗീയുടെ പേരില്‍ ചാര്‍ത്തപ്പെടുകയും അതിന്റെ പേരില്‍ പലരും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ഇത്തരം സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ് പങ്കുണ്ടെന്ന് രാജ്യം തിരിച്ചറിയുന്നത്. അതോടെ ആ കേസുകളില്‍ തടവിലായിരുന്ന പല മുസ്‌ലിം ചെറുപ്പക്കാരും ജയില്‍ മോചിതരാവുകയും ചെയ്തു. എന്നാല്‍ സ്‌ഫോടനങ്ങളിലെ ആര്‍.എസ്. എസ് പങ്ക് പുറത്ത് കൊണ്ട് വന്ന ഹേമന്ദ് കാര്‍ക്കരെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹത ഇതുവരെ മാറിയിട്ടില്ലെന്നത് ഏറെ ദുരൂഹമായി തുടരുകയുമാണ്.
ഭൂരിപക്ഷ വര്‍ഗീയത അര്‍ഹിക്കും വിധം തിരിച്ചറിയപ്പെടാതെ പോവുകയും അതിനെ ദേശീയതയുടെ പേരില്‍ അവതരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഉണര്‍ന്ന് ചിന്തിച്ചില്ലെങ്കില്‍ രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് പറയാതെ വയ്യ. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഈ ഉയര്‍ന്ന ചിന്തയുടെ ഭാഗമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്.

സിമിയും ആര്‍.എസ്.എസും മതമൗലികവാദ സംഘടനകള്‍

സി­മി മുന്‍ പ്ര­സിഡ­ണ്ട് ഡോ ബ­ദര്‍ സി­ദ്ദീ­ഖി­യു­മാ­യി അ­ഭി­മു­ഖം