ന്യൂദല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(സിമി) നിരോധനം നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രത്യേക ട്രിബ്യൂണല്‍ ശരിവെച്ചു. ദല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയാണ് നിരോധനം നീട്ടിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്.

സര്‍ക്കാറിന്റെയും സിമി അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണ് കോടതി ഉത്തരവുണ്ടായത്. ഉത്തരവിന്റെ കോപ്പി ട്രിബ്യൂണല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ എസ് ചാണ്ഡിയോക്, സിമി അഭിഭാഷകന്‍ മുബീന്‍ അക്തര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് രണ്ടുവര്‍ഷത്തേക്കു കൂടി സിമിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2001ലാണ് സിമിയെ കേന്ദ്രസര്‍ക്കാര്‍ ആദ്യമായി നിരോധിച്ചത്.