പുതിയ സിംകാര്‍ഡ് കണക്ഷനുകള്‍ക്ക് പ്രീ വെരിഫിക്കേഷന്‍ ഇന്ത്യയില്‍ നിര്‍ബന്ധം. നാളെ മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. സിംകാര്‍ഡ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോയും ഐഡന്റിറ്റി തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഫോട്ടോ കോപ്പിയുമായി നേരിട്ടെത്തണം.

Ads By Google

അപേക്ഷ നല്‍കി വെരിഫിക്കേഷന്‍ കഴിഞ്ഞശേഷം മാത്രമേ ഇനിമുതല്‍ സിം കാര്‍ഡ് ലഭിക്കുകയുള്ളൂ. ഇതിനായി 24 മുതല്‍ 72 മണിക്കൂര്‍ വരെ ഉപയോക്താക്കള്‍ കാത്തിരിക്കേണ്ടിവരും. നിലവില്‍ സിംകാര്‍ഡ് നല്‍കിയശേഷമായിരുന്നു വെരിഫിക്കേഷന്‍ നടന്നിരുന്നത്. ക്രിമിനല്‍ കുറ്റങ്ങളിലുണ്ടായ ഗണ്യമായ വര്‍ധനയെ തുടര്‍ന്നാണ് ടെലികോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയുടെ തീരുമാനം.

ഒക്‌ടോബര്‍ 12 മുതല്‍ ഈ രീതി പ്രാബല്യത്തില്‍ വരുമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും പ്രീ ഐഡന്റിറ്റി വെരിഫിക്കേഷന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. സിംകാര്‍ഡ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ ഉപയോക്താവ് നല്‍കുന്ന ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സേവനദാതാവിനായിരിക്കും. വെരിഫൈ ചെയ്യാതെ നല്‍കുന്ന സിംകാര്‍ഡിന് 50 യു.എസ്. ഡോളര്‍ സേവനദാതാക്കളില്‍നിന്ന് പിഴ ചുമത്താനാണ് അതോറിറ്റി യുടെ തീരുമാനം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കണക്ഷനുകളാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍മൂലം കട്ട് ചെയ്തത്. സമീപകാലത്ത് ഇന്ത്യയിലെ ആറ് സേവനദാതാക്കളില്‍നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന 15254 കണക്ഷനുകള്‍ ടെലികോം റെഗുലേറ്ററി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

ഒരു സിംകാര്‍ഡിന് 50 യു.എസ്. ഡോളര്‍വീതം 7,62,700 യു.എസ്. ഡോളര്‍ ഇവരില്‍നിന്നും പിഴയായി ഈടാക്കി.