ലണ്ടന്‍: 200 ടണ്‍ വെള്ളിയുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പല്‍ കണ്ടെത്തി. 1941 ഫെബ്രുവരിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് മുങ്ങിയ കപ്പലാണിത്. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള യാത്രയിലാണ് കപ്പല്‍ മുങ്ങിയത്. എസ്.എസ്.ഗയര്‍സോപ്പ എന്നാണ് കപ്പലിന്റെ പേര്.

അമേരിക്കന്‍ പര്യവേക്ഷണ കമ്പനിയായ ഒഡീസി മറൈനാണ് അയര്‍ലന്റ് തീരത്തിന് 300 മൈല്‍ അടുത്തായി കടലിനടിയില്‍ കപ്പല്‍ കണ്ടെത്തിയത്. 4,700 മീറ്റര്‍ ആഴത്തിലാണു കപ്പല്‍ കിടന്നതത്രെ. കപ്പലിലുള്ള വെള്ളി ശേഖരത്തിന് 15 കോടി പൗണ്ട് വിലമതിക്കും. കടലില്‍ നിന്നു കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും അമൂല്യമായ ശേഖരമാണിത്. അടുത്ത വര്‍ഷം കപ്പലിലെ വെള്ളി ശേഖരം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ഒഡീസി അധികൃതര്‍ അറിയിച്ചു.

ജര്‍മന്‍ അന്തര്‍വാഹിനിയായ ടോര്‍പിഡോയുടെ ആക്രമണത്തിലാണു ഗയര്‍സോപ്പ മുങ്ങിയത്. മോശം കാലാവസ്ഥയും ഇന്ധനത്തിന്റെ കുറവുമൂലം ഗാല്‍വെ തുറമുഖത്തുകൂടി വഴി മാറി സഞ്ചരിക്കവെയാണ് ആക്രമണത്തിനിരയായത്. 85 ആളുകളുണ്ടായിരുന്ന കപ്പലിലെ ഒരാള്‍ മാത്രമാണ് ആക്രമണത്തെ അതിജീവിച്ചിരുന്നത്.